വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: ഖത്തറിലേക്കുള്ളവരുടെ യാത്രയും മുടങ്ങി

fake covid cirtificate

ദോഹ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്‌നത്തില്‍ ദോഹയിലേക്കുള്ള 11 പേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. അംഗീകൃത ലാബില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിലാണ് വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞത്.

ഇന്നലെ പുലര്‍ച്ചെ 3.40ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ പുറപ്പെടേണ്ട 10 മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും യാത്രയാണ് മുടങ്ങിയത്. വിദേശത്തേക്കു മടങ്ങാന്‍ പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേസില്‍ ആരോപണ വിധേയമായ മലപ്പുറം ജില്ലയിലെ കൊളമംഗലം അര്‍മ ലാബില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ നൂറിലധികം പേര്‍ ഇന്നലെ വളാഞ്ചേരി പോലിസുമായി ബന്ധപ്പെട്ടു.

കഴിഞ്ഞ ദിവസം ദുബയിലേക്കുള്ള നൂറിലേറെ പേരുടെ യാത്രയാണ് അര്‍മ ലാബ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമൂലം മുടങ്ങിയത്. ഏകദേശം 2000ഓളം പേര്‍ക്ക് അര്‍മ ലാബ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായാണ് അറിയുന്നത്. അര്‍മ ലാബിന് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമില്ല. കേരളത്തിലെ പ്രമുഖ ലാബുമായി അഫിലിയേറ്റ് ചെയ്ത് സാംപിള്‍ ശേഖരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ശേഖരിക്കുന്ന സാംപിള്‍ ലാബിലേക്ക് അയച്ച് പരിശോധിപ്പിക്കാതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി നല്‍കുന്നതായാണ് റിപോര്‍ട്ട്. 2000ലേറെ രൂപയാണ് ഒരാള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റിനായി വാങ്ങുന്നത്. ഈയിനത്തില്‍ വന്‍തുക ലാബ് തട്ടിയതായാണ് റിപോര്‍ട്ട്.