അറബ് കപ്പ് കാണാന്‍ ഫാന്‍ ഐഡി നിര്‍ബന്ധമില്ല

fifa arab cup fan id

ദോഹ: ഇനി മുതല്‍ അറബ് കപ്പ് മല്‍സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡ്(ഫാന്‍ ഐഡി) നിര്‍ബന്ധമില്ലെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റും ഇഹ്തിറാസ് ആപ്പില്‍ ഗോള്‍ഡ് ഫ്രെയിമും(വാക്‌സിനെടുത്തതിന്റെ തെളിവ്) കാണിച്ചാല്‍ മതിയാവും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

2022 ലോക കപ്പ് ലക്ഷ്യമിട്ട തയ്യാറാക്കിയ ഫാന്‍ ഐഡി പരീക്ഷണത്തിന്റെ ഭാഗമായാണ് ആദ്യത്തെ 16 മല്‍സരങ്ങളില്‍ അവ നിര്‍ബന്ധമാക്കിയതെന്ന് സുപ്രിം കമ്മിറ്റി ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമി അല്‍ ശമ്മാരി പറഞ്ഞു. ഇതിലൂടെ ശേഖരിച്ച വിവരങ്ങള്‍ ലോക കപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

അതേസമയം, കളികാണാന്‍ പോകുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് പൊതുഗതാഗത സേവനം തുടര്‍ന്നും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. വിദേശത്ത് നിന്ന് വരുന്ന കളിയാരാധകര്‍ ഹയ്യാ കാര്‍ഡ് പ്ലാറ്റ്‌ഫോം വഴിയാണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കേണ്ടത്.