ഫിഫ അറബ് കപ്പില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി; ഖത്തര്‍ യുഎഇക്ക് എതിരേ

qatar football team fifa arab cup

ദോഹ: ആദ്യ ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. എട്ട് ടീമുകള്‍ കാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഇനി ആവേശം കത്തും.

ആതിഥേയരായ ഖത്തറിന് പുറമേ തുണീസ്യ, ഒമാന്‍, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, അല്‍ജീരിയ എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

വെള്ളിയാഴ്ച്ച രാത്രി 10ന് നടക്കുന്ന ഖത്തര്‍ യുഎഇ മല്‍സരമാണ് ക്വാര്‍ട്ടറില്‍ ശ്രദ്ധേയമായ പോരാട്ടം. ഏഷ്യന്‍ കപ്പില്‍ യുഎഇയെ ഏക പക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ഖത്തര്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും മാറ്റുരക്കുന്നത്. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും ഖത്തര്‍ പ്രതീക്ഷിക്കുന്നില്ല.

ഗ്രൂപ്പ് എയില്‍ ബഹ്‌റൈന്‍, ഒമാന്‍, ഇറാഖ് എന്നിവയെ തകര്‍ത്ത് പരാജയം അറിയാതെയാണ് ഖത്തറിന്റെ വരവ്. അതേ സമയം, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് യുഎഇ. സിറിയയെയും മൗറിത്താനിയയെയും തോല്‍പ്പിച്ച യുഎഇ തൂണിസ്യയോട് ഒരു ഗോളിന്റെ പരാജയം രുചിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റു മല്‍സരങ്ങളില്‍ തൂണീസ്യ ഒമാനെയും(ഡിസംബര്‍ 10- എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം), ഈജിപ്ത് ജോര്‍ദാനെയും(ഡിസംബര്‍ 11- അല്‍ ജനൂബ് സ്‌റ്റേഡിയം), മൊറോക്കോ അല്‍ജീരിയയെയും(ഡിസംബര്‍ 12- അല്‍ തുമാമ സ്‌റ്റേഡിയം) നേരിടും.