ഫിഫ അറബ് കപ്പില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതിക വിദ്യ പരീക്ഷിക്കും

semi-automated offside technology

ദോഹ: ഇന്ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ അറബ് കപ്പില്‍ ഓഫ്‌സൈഡ് കടുകിട തെറ്റാതെ സ്ഥിരീകരിക്കാന്‍ കഴിയുന്ന സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതിക വിദ്യ പരീക്ഷിക്കും. ഫിഫയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ട്രയലാണ് ഈ ടൂര്‍ണമെന്റില്‍ നടക്കുന്നതെന്ന് ചീഫ് റഫറീയിങ് ഓഫിസര്‍ പിയര്‍ലുഗി കൊളീന പറഞ്ഞു.

കാലുകളുടെ സ്ഥാനം ട്രാക്ക് ചെയ്ത (limb tracking) വിവരങ്ങള്‍ വീഡിയോ അസിസ്റ്റന്റ് റഫറിക്ക്(VAR) കൈമാറുന്ന സംവിധാനമാണിത്.

ഓരോ സ്‌റ്റേഡിയത്തിന്റെയും മേല്‍ക്കൂരയില്‍ ഇതിനായി പ്രത്യേക ക്യാമറാ സംവിധാനമുണ്ടാവുമെന്ന് ഫിഫ ഫുട്‌ബോള്‍ ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ജൊഹാനസ് ഹുള്‍സ്മുള്ളര്‍ പറഞ്ഞു. വീഡിയോയില്‍ നിന്നുള്ള ലിമ്പ് ട്രാക്കിങ് വിവരങ്ങള്‍ ഓപറേഷന്‍സ് റൂമിലേക്കും അവിടെ നിന്ന് ഓഫ്‌സൈഡ് ലൈനും കിക്ക് പോയിന്റും കണക്കാക്കി റീപ്ലേ ഓപറേറ്റര്‍ക്കും തല്‍സമയം കൈമാറും.

റീപ്ലേ ഓപറേറ്റാണ് അന്തിമ വീഡിയോ വാറിന് കൈമാറുക. ഫിഫ അറബ് കപ്പില്‍ ഓഫ്‌സൈഡിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള സ്റ്റേഷനില്‍ അസിസ്റ്റന്റ് വാര്‍ ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് ഫീല്‍ഡ് റഫറിക്ക് അന്തിമ വിധി നല്‍കും.

വാര്‍ സംവിധാനം വന്ന ശേഷം എടുത്ത പല ഓഫ്‌സൈഡ് തീരുമാനങ്ങളും വിവാദമായിരുന്നു. ഓഫ്‌സൈഡ് തീരുമാനിക്കാന്‍ സമയമെടുക്കുന്നതും അതിന്റെ കൃത്യതയും വിമര്‍ശന വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യ.

താരങ്ങളുടെ സ്ഥാനം വിശകലനം ചെയ്യുന്നതിനൊപ്പം മൂന്നോട്ടുള്ള കുതിപ്പില്‍ അവരുടെ പങ്ക് കൂടി കണക്കിലെടുത്താണ് ഓഫ്‌സൈഡ് തീരുമാനിക്കുകയെന്ന് കൊളീന പറഞ്ഞു.
ALSO WATCH