ദോഹ: കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ഖത്തറിലെത്തി. മുംബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 12.45ഓടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഖത്തറിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ജീവനക്കാരായിരുന്നു യാത്രക്കാര്‍. നേരത്തെ ദോഹയിലെ ആരോഗ്യപ്രവര്‍ത്തകരുമായി കേരളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനം ഖത്തറിലെത്തിയിരുന്നു. എന്നാല്‍, ഇത് വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ടുള്ള വിമാനമായിരുന്നു.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഖത്തറിലെ ഇന്ത്യന്‍ എംബസി എന്നിവയില്‍ നിന്ന് ആവശ്യമായ അനുമതി നേടിയാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തതെന്ന് ആദ്യവിമാന സര്‍വീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മാജിക് ടൂര്‍സ് ജനറല്‍ മാനേജര്‍ അജി കുര്യാക്കോസ് പറഞ്ഞു. എംബസി ഉന്നത ഉദ്യോഗസ്ഥരായ ഹേമന്ത് ദ്വിവേദി, ഡോ. സോന സോമന് തുടങ്ങിയവരുടെ വലിയ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചതായും അജി കുര്യാക്കോസ് പറഞ്ഞു.
കുടങ്ങിക്കിടക്കുന്ന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും മറ്റും തിരിച്ചെത്തിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ മാജിക് ടൂര്‍സിന് പദ്ധതിയുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഖത്തറിലെത്തുമെന്നും അജി കുര്യാക്കോസ് പറഞ്ഞു.