ഖത്തറില്‍ ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച്ച

ദോഹ: ഖത്തറിലെ ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച്ച സംഭവിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ജനുവരി 10ന് അര്‍ധരാത്രിയോടെയാണ് പെനുംബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുക. ചന്ദ്രന്റെ 90 ശതമാനവും ഭൂമിയുടെ പെനുംബ്ര ഏരിയയില്‍ വരുന്നതാണ് പെനുംബ്രല്‍ ചന്ദ്രഗ്രഹണം.

ചന്ദ്രഗ്രഹണം നാല് മണിക്കൂറും നാല് മിനിറ്റും നീണ്ടുനില്‍ക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ, നോര്‍ത്ത് അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമാവും. ചന്ദ്രന്റെ നിറത്തില്‍ മാത്രം വ്യത്യാസം വരുന്ന ഗ്രഹണം കൃത്യമായി ദര്‍ശിക്കണമെങ്കില്‍ ടെലസ്‌കോപ്പ് വേണം. വെള്ളിയാഴ്ച്ച രാത്രി 8.08ന് ആരംഭിക്കുന്ന ഗ്രഹണം 10.10ന് മൂര്‍ധന്യത്തില്‍ എത്തും. അര്‍ധരാത്രി കഴിയുന്നതോടെ അവസാനിക്കും.

Content Highlights: First lunar eclipse over Qatar sky to occur on Friday