നാട്ടിലേക്കുള്ള മടക്കം: ആദ്യ ദിവസം ഖത്തറില്‍ നിന്നും വിമാനം

air india to repatriate indians from gulf

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനസര്‍വീസുകളില്‍ ഖത്തറിനും പ്രഥമ പരിഗണന. മെയ് 7ന് ഖത്തറില്‍ നിന്ന് കൊച്ചിയിലേക്കാണ് വിമാനം പറക്കുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പട്ടികയില്‍ പറയുന്നു. 200 പേര്‍ക്കാണ് ഈ വിമാനത്തില്‍ പോകാനാവുക.

ആദ്യം ദിവസം ഖത്തറിന് പുറമേ യുഎഇയില്‍ നിന്ന് രണ്ടും സൗദിയില്‍ നിന്നു ഒരു വിമാനവുമാണ് കേരളത്തിലേക്കുണ്ടാവുക. മെയ് 10നാണ് ഖത്തറില്‍ നിന്നുള്ള അടുത്ത വിമാനം. ദോഹയില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള ഈ സര്‍വീസിലും 200 പേര്‍ക്കാണ് പോകാന്‍ സാധിക്കുക. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി 40,000ഓളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടാ ദിവസം- ബഹ്‌റയ്്ന്‍(1 വിമാനം), മൂന്നാം ദിവസം- കുവൈത്ത്(1), ഒമാന്‍(1), നാലാം ദിവസം- ഖത്തര്‍(1), മലേഷ്യ(1), അഞ്ചാം ദിവസം-സൗദി അറേബ്യ(1), ബഹ്‌റയ്ന്‍(1), യുഎഇ(1), ആറാം ദിവസം-മലേഷ്യ(1), ഏഴാം ദിവസം- കുവൈത്ത്(1), സൗദി അറേബ്യ(1) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ആദ്യത്തെ ആഴ്ച്ച വിവിധ രാജ്യങ്ങളില്‍ നിന്നായി 15,000ല്‍ താഴെ പേര്‍ക്ക് മാത്രമാണ് നാട്ടിലേക്ക് മടങ്ങാനാവുക. ഒരാഴ്ച്ചത്തെ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിനോദ സഞ്ചാരത്തിനായെത്തി കുടുങ്ങിയവര്‍, മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ മുന്‍ഗണനാക്രമത്തിലാണ് നാട്ടിലെത്തിക്കുക. എംബസി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

 

Flight Plan for Return of Indian Nationals Stranded Abroad