ദോഹ: രാജ്യത്ത് പലയിടങ്ങളിലും മൂടല്‍മഞ്ഞ്. ഇതുമൂലം കാഴ്ചാപരിധി കുറയുന്നത് തുടരുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്. വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ നിര്‍ബന്ധായും ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ലോ ബീം ആയിരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം എമര്‍ജന്‍സി ലൈറ്റുകളോ ഹൈബീമോ ഒരിക്കലും ഉപയോഗിക്കരുതെന്ന്് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മുന്നോട്ടുള്ള കാഴ്ച വര്‍ധിപ്പിക്കുന്നതിന് ഡിേഫ്രാസ്റ്റര്, വൈപ്പര്‍ എന്നിവ ഉപയോഗിക്കേണ്ടതാണ്. ഓവര്‍ടേക്കിങ്, അനാവശ്യമായി പാത മാറ്റുക എന്നിവ ഒഴിവാക്കി വാഹനമോടിക്കുന്ന പാതയില്‍തന്നെ തുടരാനും നിര്‍ദേശം നല്കി. ഏതു സമയവും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കേണ്ടതാണ്. പരമാവധി വേഗം കുറക്കുന്നതിനോടൊപ്പം വാഹനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കാനും അറിയിപ്പില്‍ പറയുന്നു. അതേസമയം, രാത്രിയിലും പ്രഭാതസമയങ്ങളിലും കനത്ത മൂടല്മഞ്ഞിന് സാധ്യതയുണ്ടെന്നും കാഴ്ചാപരിധി രണ്ടു കിലോമീറ്റര്‍ മുതല്‍ പൂജ്യം വരെ ആകാനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.