Tuesday, August 16, 2022
HomeNewsfeedദോഹ കോര്‍ണിഷില്‍ ഭക്ഷ്യമേളയും വെടിക്കെട്ടും സംഗീത ജലധാരയും; 9 നാള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്ക്

ദോഹ കോര്‍ണിഷില്‍ ഭക്ഷ്യമേളയും വെടിക്കെട്ടും സംഗീത ജലധാരയും; 9 നാള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്ക്

ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് ദോഹ കോര്‍ണിഷില്‍ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികള്‍. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ കോര്‍ണിഷ് സ്ട്രീറ്റിലേക്ക് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ഇക്കാലയളവില്‍ പൊതുഗതാഗതം മാത്രമായിരിക്കും ഈ ഭാഗത്തേക്കുണ്ടാവുക.

കോര്‍ണിഷ് അടച്ചിടുന്ന കാലയളവില്‍ യാത്രക്കാര്‍ക്ക് ദോഹ മെട്രോയും കര്‍വ ബസ്സ് സര്‍വീസും ആശ്രയിക്കാം. ഏഴ് മെട്രോ സ്‌റ്റേഷനുകളാണ് കോര്‍ണിഷ് സ്ട്രീറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ബസ്സുകളില്‍ വരുന്നവര്‍ക്ക് 40 ബസ് സ്റ്റോപ്പുകളും ഉണ്ടാവും.

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ കോര്‍ണിഷില്‍ നടക്കും. അല്‍ ബിദ്ദ പാര്‍ക്ക്, കോര്‍ണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമേള. കോര്‍ണിഷ് സ്ട്രീറ്റില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെയും അല്‍ ബിദ്ദ പാര്‍ക്കില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 11വരെയുമാണ് മേള.

സാധാരണ ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ രാത്രി 11 വരെയും അവധി ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ രാത്രി 1 വരെയും ആയിരിക്കും മേള. 12 ഫുഡ് ട്രക്കുകള്‍, 145 ഫുഡ് സ്റ്റാളുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, സംഗീതം, വെടിക്കെട്ട തുടങ്ങിയവ മേളയുടെ ഭാഗമാണ്.

ഇന്ററാക്ടീവ് ഇന്‍സ്റ്റലേഷനുകള്‍, മ്യൂസിക്കല്‍ വാട്ടര്‍ ഷോ, ഖത്തറിലെ ഏറ്റവും വലിയ എല്‍ഇഡി ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

ഫിഫ അറബ് കപ്പ് സംഘാടക സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോര്‍ണിഷ് അടച്ചിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

അടച്ചിടല്‍ കാലയളവില്‍ ദോഹ കോര്‍ണിഷിലേക്ക് രാവിലെ 6 മുതല്‍ 10 വരെ, ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ, വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ ഹെവി വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. പൊതുഗതാഗതത്തിനും സ്‌കൂള്‍ ബസ്സുകള്‍ക്കും ഇളവുണ്ട്. ഫിഫ അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്കു സമീപം ട്രക്കുകളെയും പ്രവേശിപ്പിക്കില്ല. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 5 വരെ ഇളവുണ്ട്.

Most Popular