പാട്ടിന്റെ കാല്‍നൂറ്റാണ്ട്; എം ജയചന്ദ്രനെ ആദരിച്ച് മഞ്ഞണിപ്പൂനിലാവ്

ദോഹ: പാട്ടു വഴിയില്‍ 25 ആണ്ട് പൂര്‍ത്തിയാക്കിയ സംഗീത സംവിധായകന്‍ എം ജയചന്ദ്രന് ഖത്തര്‍ മലയാളികളുടെ പ്രൗഢ ഗംഭീരമായ ആദരം. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ ഖത്തറിലെ സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തര്‍ സംഘടിപ്പിച്ച മഞ്ഞണിപ്പൂനിലാവ് എന്ന സംഗീത നിശയിലാണ് ജയചന്ദ്രന് ആദരം നല്‍കിയത്.

 

തിങ്ങി നിറഞ്ഞ ഹാളിനെ സാക്ഷി നിര്‍ത്തി എം ജയചന്ദ്രനുള്ള ഉപഹാരം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഡോ.സോനാ സോമന്‍ കൈമാറി. എം ജയചന്ദ്രന്‍ നയിച്ച സംഗീത നിശയില്‍ പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേത മോഹന്‍, ജോത്സ്‌ന, മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ഫാസില ബാനു എന്നിവര്‍ സംഗീത മാല തീര്‍ത്തു. രൂപേഷ്, ഉസ്ലാം പെട്ടി എന്ന ഗാനത്തിലൂടെ തമിഴ് ഗാന രംഗത്ത് പ്രശസ്തനായ ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ശംസുദ്ദീന്‍ എന്നിവരും പ്രത്യേക അതിഥികളായി പാടാനെത്തിയിരുന്നു.

ഇത് കാണുമ്പോള്‍ എന്റെ ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു എന്ന വരികളോടെയാണ് ജയചന്ദ്രന്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ച സദസ്സിനെ അഭിമുഖീകരിച്ചത്. നിരവധി സംസ്ഥാന അവാര്‍ഡുകളും എന്ന്് നിന്റെ മൊയ്തീനിലെ ഗാനത്തിന് ദേശീയ അവാര്‍ഡും നേടിയ ജയചന്ദ്രനെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫോം ഖത്തര്‍ ഭാരവാഹികള്‍ പറഞ്ഞു. 95ല്‍ ചന്ത എന്ന സിനിമയിലൂടെ ആരംഭിച്ച് ഏറ്റവുമൊടുവില്‍ ഇറങ്ങിയ മാമാങ്കം എന്ന സിനിമ വരെ നീളുന്നതാണ് എം ജയചന്ദ്രന്റെ പാട്ടിന്റെ ലോകം.

ജയചന്ദ്രന്റെ ഏറ്റവും മികച്ച ഗാനങ്ങള്‍ക്കൊപ്പം പഴയതും പുതിയതുമായ തമിഴ്, മലയാളം, ഹിന്ദി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും കോര്‍ത്തിണക്കിയായിരുന്നു സംഗീത നിശ. ഒന്നിനൊന്ന് മികച്ച പാട്ടുകള്‍ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഫോം ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എരഞ്ഞോളി മൂസ കലാ പുരസ്‌കാരത്തിന് അര്‍ഹനായ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിനുള്ള പുരസ്‌കാര സമര്‍പ്പണവും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ വേദിയില്‍ നടന്നു. എം ജയന്ദ്രന്‍ ശരീഫിന് പുരസ്‌കാരം കൈമാറി. മാപ്പിളപ്പാട്ട് രംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ശരീഫിനെ പ്രമുഖര്‍ അടങ്ങിയ ജൂറി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം. അന്തരിച്ച മാപ്പിളപ്പാട്ടിന്റെ കുലപതി എരഞ്ഞോളി മൂസയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന പ്രത്യേക വീഡിയോയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

ഖത്തര്‍ ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള പ്രത്യേക പരിപാടിയും വേദിയില്‍ നടന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍, കമ്യൂണിറ്റി പോലിസ് പ്രതിനിധി അബ്ദുല്‍ റഹ്്മാന്‍ ഖമീസ് അല്‍ മര്‍റി, ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡി പ്രതിനിധികള്‍, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഫോം ഖത്തര്‍ ഭാരവാഹികളായ കെ കെ ഉസ്മാന്‍, ഇ എം സുധീര്‍, കെ മുഹമ്മദ് ഈസ തുടങ്ങിയവരും സംബന്ധിച്ചു. അടുത്ത വര്‍ഷം ഫോം ഖത്തറിന്റെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ പറഞ്ഞു.