ദോഹ: ബിര്‍ള പബ്ലിക് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ എ പി ശര്‍മയ്ക്ക് ഖത്തറിലെ പ്രവാസി സമൂഹം ഗംഭീര യാത്ര അയപ്പ് നല്കി. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഐസിബിഎഫ്, യൂത്ത് ഫോറം, സ്റ്റുഡന്റ്സ് ഫോറം തുടങ്ങിയവ അദ്ദേഹത്തിന് യാത്ര അയപ്പ് നല്കി. സയന്‍സ് ഇന്ത്യ ഫോറം, ഖത്തര്‍ ചാപ്റ്റര്‍ ഓഫ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍സ്, സ്കൂള്‍ മാനേജ്മെന്റ് തുടങ്ങിയവയും എപി ശര്‍മയ്ക്ക് യാത്ര അയപ്പൊരുക്കി.
ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ടി ആന്ജലിന് പ്രേംലത, ഫസ്റ്റ് സെക്രട്ടറിമാരായ സച്ചിന് ശങ്ക്പാല്‍, ക്യാപ്റ്റന്‍ മോഹന്‍ അത്ല, സേവ്യര്‍ ധന്‍രാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ മാനേജ്മെന്റ് ചെയര്മാന് ഗോപി ശഹാനി, ഡയറക്ടര്‍മാരായ സി വി റപ്പായി, ലുക്കോസ് കെ ചാക്കോ തുടങ്ങിയവരും സംബന്ധിച്ചു.
എ പി ശര്‍മ ഖത്തറിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ ഫസ്റ്റ് സെക്രട്ടറി സച്ചിന് ശങ്കാപാലും ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജനും എടുത്തു പറഞ്ഞു. പ്രമുഖര്‍ അദ്ദേഹത്തിന് ഷാള്‍ അണിയിച്ച് ഉപഹാരങ്ങള്‍ കൈമാറി. ഹസന് ചൗഗ്ലെ, സയ്യിദ് ശൗക്കത്ത് അലി, ഡോ. മോഹന്‍ തോമസ്, സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ. ദീപക് ധാക്കെ തുടങ്ങിയവര്‍ സംസാരിച്ചു.