ഖത്തര്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി ലക്ഷങ്ങള്‍ തട്ടി

job scam

മാന്നാര്‍: ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശി ലക്ഷങ്ങള്‍ തട്ടി. 37 പേര്‍ ഇത് സംബന്ധിച്ച് മാന്നാര്‍ പോലിസില്‍ പരാതി നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ വീതം പലപ്പോഴായി വാങ്ങിയെന്നു കാട്ടിയാണ് ഇവര്‍ പരാതിപ്പെട്ടത്. കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം പരാതിയുമായി മാന്നാര്‍ പോലിസ് സ്റ്റേഷനില്‍ എത്തിയത്.

കബളിപ്പിക്കപ്പെട്ട എഴുപതിലേറെപ്പേരുണ്ടെന്നാണ് പരാതിക്കാര്‍ പോലിസിനെ അറിയിച്ചത്. കൊടുത്ത തുക മടക്കിക്കിട്ടാന്‍ മൂന്ന് വര്‍ഷമായി ശ്രമിക്കുന്നെന്നും പല തവണ അവധി പറഞ്ഞ് കബളിപ്പിച്ചതായും പരാതിക്കാര്‍ പറഞ്ഞു. പണം തിരികെ നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാര്‍ ഇന്നലെ രാവിലെ ഇയാളുടെ മാന്നാറിലെ വീട്ടിലെത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ALSO WATCH