- എംടിപി റഫീക്ക്
ദോഹ: അമേരിക്കയിലുള്ള വ്യാജ എജുക്കേഷന്‍ സ്ഥാപനം വഴി തീവ്രവാദികള്‍ക്ക് പണമയച്ചു എന്നാരോപിച്ച് മലപ്പുറം സ്വദേശിയായ ഖത്തറിലെ പ്രവാസി മലയാളിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. തീവ്രവാദികള്‍ക്ക് വേണ്ടി പണം ശേഖരിക്കുന്ന അമേരിക്കയിലുള്ള മാക്‌സ് ഡെസെര്‍ട്ടേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് വ്യാജ ബിരുദം കരസ്ഥമാക്കിയിട്ടുണ്ടെന്നും അതിലുള്ള രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് പണം വേണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ നമ്പറില്‍ നിന്ന് ഫോണ്‍ ചെയ്യുകയും ഇമെയില്‍ അയക്കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്തത്. എന്‍ഒസി ലെറ്ററിന് 999 ഡോളറും ക്യാന്‍സലേഷന്‍ ലെറ്ററിന് 1250 ഡോളറും ആവശ്യപ്പെട്ടായിരുന്നു ഇമെയില്‍.
താങ്കള്‍ വ്യാജ ബിരുദം കരസ്ഥമാക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് അമേരിക്കന്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് മനസ്സിലായിട്ടുണ്ടെന്നും എന്നാല്‍, തീവ്രവാദ ബന്ധമുള്ള സ്ഥാപനത്തിന്റെ ഡാറ്റാബേസില്‍ നിന്ന് പേര് ഒഴിവാക്കിയില്ലെങ്കില്‍ മറ്റ് നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഇമെയിലില്‍ പറയുന്നത്. വാഷിങ്ടണിലുള്ള ഖത്തര്‍ എംബസിയുടെ പേരിലാണ് ആദ്യ ഇമെയില്‍ വന്നത്. തുടര്‍ന്ന് വന്ന ഫോളോഅപ്പ് ഇമെയിലിലാണ് പണം ആവശ്യപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്വദേശിക്ക് വേണ്ടി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നതിന് അമേരിക്കയിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നതായി മലപ്പുറം സ്വദേശി ഗള്‍ഫ് മലയാളിയോട് പറഞ്ഞു. പ്രസ്തുത വിവരങ്ങള്‍ ശേഖരിച്ചായിരിക്കാം തട്ടിപ്പുകാര്‍ ബന്ധപ്പെട്ടതെന്നാണ് മനസ്സിലാക്കുന്നത്.
12025521520 എന്ന അമേരിക്കന്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നത്.
ആരെയും വിശ്വസിപ്പിക്കും വിധമാണ് അറബിയിലും ഇംഗ്ലീഷിലുമായി ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചിരുന്നത്. എന്നാല്‍, തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തോന്നിയത്. തുടര്‍ന്ന് അവര്‍ വിളിച്ച നമ്പറും മറ്റ് വിശദാംശങ്ങളും പരിശോധിച്ചപ്പോള്‍ ഖത്തര്‍ എംബസിയുടെ ഔദ്യോഗിക നമ്പറുമായി അതിന് ബന്ധമില്ലെന്ന് മനസ്സിലായി. അമേരിക്കയിലെ ഖത്തര്‍ എംബസിക്ക് ഇത് സംബന്ധമായി പരാതി നല്‍കിയതായി മലപ്പുറം സ്വദേശി പറഞ്ഞു.