Al Wakra Beach | അല്‍ വക്ര ബീച്ചില്‍ ശുചീകരണം നടത്തി ഫ്രഞ്ച് എംബസി

ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തില്‍ അല്‍ വക്ര ബീച്ചില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍.

ദോഹ: ഫ്രഞ്ച് എംബസിയുടെ (French Embassy) നേതൃത്വത്തില്‍ അല്‍ വക്ര ബീച്ചില്‍ (Al Wakra Beach) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഷഫല്ല സെന്റര്‍, ദോഹ അക്യുവില്‍ ഫ്രാങ്കോഫോണ്‍ നെറ്റ്‌വര്‍ക്ക്, ലൈസി വോള്‍ട്ടയര്‍ സ്‌കൂള്‍, ലൈസി ബോണപാര്‍ട്ട് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ശുചീകരണം. ഇന്നലെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എഴുപതിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ബീച്ചില്‍ ശുചീകരണം നടത്തിയത്. ഖത്തറിലെ ഫ്രഞ്ച് അംബാസിഡര്‍ ഴാങ് ബാപ്റ്റിസ്റ്റ് ഫെയ്‌വെയും അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ഫെയ്‌വെയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന് ഫ്രാന്‍സ് മുഖ്യപരിഗണന നല്‍കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം എന്നും മുന്നിലുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സന്നദ്ധ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.