കൊറോണക്കാലത്ത് ഖത്തര്‍ വിസയോ ഐഡിയോ കാലാവധി തീര്‍ന്നാല്‍ പുതുക്കാന്‍ എന്ത് ചെയ്യണം

qatar visa renewal

ദോഹ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖത്തര്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തുള്ള രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസയും റസിഡന്‍സ് പെര്‍മിറ്റും പുതുക്കുന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. നിങ്ങള്‍ വിസാ കാലാവധി നീട്ടാന്‍ ആഗ്രഹിക്കുന്ന ഒരാളോ ഖത്തര്‍ ഐഡിയുടെ കാലാവധി തീരാനിരിക്കേ നാട്ടില്‍ കുടുങ്ങിപ്പോവുകയോ ചെയ്ത ആളാണെങ്കില്‍ ഇനി പറയുന്ന ചോദ്യോത്തരങ്ങള്‍ ശ്രദ്ധിക്കുക.

ചോദ്യം1: ഞാന്‍ ഇവിടെ വിസിറ്റ് വിസയില്‍ കഴിയുന്ന ആളാണ്. എനിക്ക് വിസ നീട്ടിക്കിട്ടുമോ?

ഉത്തരം: : തീര്‍ച്ചയായും. നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി രണ്ടുമാസത്തേക്ക് വിസാ കാലാവധി നീട്ടാം. വിസ പുതുക്കാന്‍ https://portal.moi.gov.qa/visitvisaextension എന്ന ലിങ്കില്‍ പോവുക. അടിയന്തരമായി വിസ പുതുക്കേണ്ട സാഹചര്യം ആണെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 66408551 എന്ന വാട്ട്‌സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജോലി നഷ്ടപ്പെട്ടവര്‍
ചോദ്യം 2: എന്റെ ജോലി അവിചാരിതമായി അവസാനിച്ചു. ഇനി എന്ത് സംഭവിക്കും?

ഉത്തരം: അപ്രതീക്ഷിതമായി നിങ്ങളുടെ ജോലി അവസാനിക്കുകയും പുതിയ അവസരം തേടി ഖത്തറില്‍ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഫീസ് ഇല്ലാതെ തന്നെ രണ്ടു മാസത്തേക്ക് നിങ്ങളുടെ വിസ പുതുക്കാനാവും.

ഖത്തറിന് പുറത്തുള്ള പ്രവാസികള്‍
ചോദ്യം 3: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള വിലക്ക് കാരണം തിരിച്ചുവരാനാവാതെ ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞവര്‍ എന്ത് ചെയ്യും?

ഉത്തരം: രാജ്യത്തേക്ക് വരുന്നതിനുള്ള വിലക്ക് നീക്കിയാല്‍ ഇത്തരക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ഐഡിയുമായി തിരിച്ചുവരാവുന്നതാണ്. ആറ് മാസത്തെ കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങിവരാവുന്നതാണ്.

ഐഡി പുതുക്കാന്‍
ചോദ്യം 4: റസിഡന്‍സ് പെര്‍മിറ്റ് ഇപ്പോള്‍ പുതുക്കാനാവുമോ?

ഉത്തരം: എംഒഐ ഇ-സര്‍വീസ് പോര്‍ട്ടല്‍ വഴിയോ മെത്രാഷ് 2 ആപ്പ് വഴിയോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാവുന്നതാണ്. ഓണ്‍ലൈനില്‍ ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഐഡി പുതുക്കാവുന്നതാണ്. ഖത്തര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കുമാണ് ഈ സര്‍വീസ് ലഭിക്കുക.

ഐഡി ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

– എംഒഐയുടെ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ നിങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
– റസിഡന്‍സി സര്‍വീസസ് ക്ലിക്ക് ചെയ്ത് റിന്യൂ റസിഡന്‍സി ക്ലിക്ക് ചെയ്യുക
-വ്യക്തികള്‍ക്ക് പുതുക്കാന്‍: പുതുക്കേണ്ട ഖത്തര്‍ ഐഡി തിരഞ്ഞെടുക്കുക(ഒരു സമയം പരമാവധി അഞ്ച് നമ്പറുകള്‍)
-കമ്പനികള്‍ക്ക് പുതുക്കാന്‍: പുതുക്കേണ്ട ഖത്തര്‍ ഐഡി നമ്പര്‍ തിരഞ്ഞെടുക്കുക (ഒരു സമയം പരമാവധി 20 നമ്പറുകള്‍)
-പുതുക്കേണ്ട കാലാവധി തിരഞ്ഞെടുക്കുക
-പുതുക്കിയ റസിഡന്‍സി പെര്‍മിറ്റ് ഡെലിവറി ചെയ്യേണ്ടത് എങ്ങിനെയെന്ന് തിരഞ്ഞെടുക്കുക
-നിശ്ചിത ഫീസ് അടക്കുക

Frequently asked questions about the renewal of visas and RP in Qatar