ഖത്തറില്‍ വ്യാജ കമ്പനികളുടെ പേരില്‍ വിസാ കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടി

visa trading gang arrested in Qatar

ദോഹ: വിസാ കച്ചവടം നടത്തിയ ഒമ്പതംഗ സംഘത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ് വിഭാഗം പിടികൂടി. വ്യാജ കമ്പനികളുടെ പേരിലായിരുന്നു വിസാ കച്ചവടം നടത്തിയിരുന്നത്.

രാജ്യമൊട്ടാകെ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സംഘത്തെ വലയിലാക്കിയതെന്ന് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ അല്‍ ലബ്ദ പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ചട്ടംകെട്ടിയ ഒരാള്‍ക്ക് വിസ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒമ്പതു പേരെ രേഖകള്‍ സഹിതം പിടികൂടിയത്.

ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് സംഘം ഇരകളെ ആകര്‍ഷിച്ചിരുന്നതെന്ന് സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി ക്യാപ്റ്റന്‍ ഉമര്‍ ഖലീഫ അല്‍ റുമൈഹി പറഞ്ഞു.

സംഘത്തിന്റെ കൈയില്‍ നിന്ന് നിരവധി സീലുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് കാര്‍ഡുകള്‍, പണം എന്നിവയും പിടികൂടി. പ്രതികളെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ വിഭാഗത്തിനു കൈമാറി.

തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് ജോലി നല്‍കരുതെന്ന് അധികൃതര്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു. അജ്ഞാതര്‍ക്കോ വിശ്വാസ യോഗ്യമല്ലാത്തവര്‍ക്കോ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കരുതെന്ന് കമ്പനി ഉടമകളോട് അല്‍ റുമൈഹി അഭ്യര്‍ഥിച്ചു. ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ച് ഉടന്‍ അധികൃതര്‍ക്ക വിവരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Gang trading in Qatar visas arrested