ദോഹ: അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടി. ഏത് തരത്തിലുള്ള സുരക്ഷാ സൈനിക ഭീഷണികളെയും നേരിടുന്നതിന് സുഹൃദ് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നാല്‍പ്പതാമത് ജിസിസി ഉച്ചകോടി ആഹ്വാനം ചെയ്തു.
കൗണ്‍സിലിലെ ഏതെങ്കിലും അംഗരാജ്യത്തനെതിരായ ആക്രമണം കൗണ്‍സിലിലെ മൊത്തം രാജ്യങ്ങള്‍ക്കെതിരായ ആക്രമണമായി കാണുമെന്ന് ജിസിസി ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 2025ഓട് കൂടി സാമ്പത്തിക മേഖലയിലെ പൂര്‍ണമായ ഐക്യവും ജിസിസി പൗരത്വവും സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.
റിയാദ് ഉച്ചകോടിയിലെ പ്രഖ്യാപനം ജിസിസിയുടെ ഭാവിയിലേക്കുള്ള സൂചകം കൂടിയാണെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. വരാനിരിക്കുന്ന ജിസിസി യോഗങ്ങള്‍ കൂടുതല്‍ മികച്ച ഫലമുളവാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹറയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ എന്നീ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുത്തു. അതേ സമയം, ഖത്തര്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ സമ്മേളനത്തിനെത്തിയില്ല.
ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തിലുള്ള സംഘവും ഒമാനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പങ്കെടുത്തത്. യുഎഇയില്‍ നിന്ന് പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്.
സുരക്ഷയും സുസ്ഥിരതയും തകര്‍ക്കാന്‍ ഭീകരതയെ പിന്തുണച്ച് കൊണ്ട് ഇറാന്‍ ശ്രമം തുടരുന്ന സാഹചര്യത്തില്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ യോജിച്ചുള്ള ശ്രമം അനിവാര്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രൂപീകരണ കാലം മുതല്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലതീന്‍ രാജ്യം രൂപീകരിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിന് തങ്ങളുടെ പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതായും സല്‍മാന്‍ രാജാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഉച്ചകോടി വിജയമാണെന്ന് പ്രതിനിധികള്‍ അവകാശപ്പെട്ടെങ്കിലും കേവലം നാല്‍പ്പത് മിനിറ്റ് മാത്രമാണ് യോഗം നീണ്ടുനിന്നതെന്ന് അല്‍ജസീറ ചൂണ്ടിക്കാട്ടി. മേഖല വലിയ പ്രതിസന്ധികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ അതേക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഉണ്ടായ ഗള്‍ഫ് പ്രതിസന്ധിക്ക് ഈ യോഗത്തില്‍ പരിഹാര നിര്‍ദേശമുണ്ടാവുമെന്ന് നേരത്തേ കുവൈത്ത് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതേക്കുറിച്ച് വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും യോഗത്തില്‍ ഉണ്ടായില്ല.