കേരളത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഖത്തറിലെ ജനറേഷന്‍ അമേസിങ് പ്രവര്‍ത്തകര്‍

generation amazing1

ദോഹ: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി വൊളന്റിയര്‍മാര്‍. സുപ്രിം കമ്മിറ്റിക്ക് കീഴിലുള്ള പ്രത്യേക പദ്ധതിയായ ജനറേഷന്‍ അമേസിങ്ങ് അഡ്വക്കറ്റുമാരായ സാദിഖ് റഹ്‌മാന്‍, സലീം പുതിയോട്ടില്‍ എന്നിവരാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വജീവമായിട്ടുള്ളത്. ജനറേഷന്‍ അമേസിങ് പദ്ധതി വഴി ലഭിച്ച പരിശീലനമാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് തങ്ങള്‍ക്ക് തുണയായതെന്ന് ഇരുവരും പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ് ഇതിനകം വിതരണം ചെയ്തിരിക്കുന്നത്. പ്രാദേശിക സംഘങ്ങളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നിരവധി കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചതായും സാദിഖ് റഹ്‌മാന്‍ പറഞ്ഞു. 2015 മുതല്‍ ജനറേഷന്‍ അമേസിങ് അഡ്വക്കറ്റായി പ്രവര്‍ത്തിച്ചുവരികയാണ് സാദിഖ്.

കേരളത്തിലെ ഗൂസ്‌ബെറി ക്ലബുമായി കൈകോര്‍ത്താണ് ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍. 2019ല്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഗൂസ്‌ബെറി ക്ലബ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
generation amazing

ഫുട്‌ബോളിലൂടെ സാമൂഹിക വികസനമെന്ന ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടാണ് സുപ്രിം കമ്മിറ്റി ജനറേഷന്‍ അമേസിങ് പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും കളിമൈതാനങ്ങളടക്കം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫുട്ബാള്‍ പരിശീലനവും നല്‍കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഖ്യാതരായ താരങ്ങള്‍ ജനറേഷന്‍ അമേസിങ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

ജനറേഷന്‍ അമേസിങില്‍ പ്രവര്‍ത്തിക്കവേ ഖത്തറിലെ തൊഴിലാളികളെ ഫുട്‌ബോള്‍ കോച്ചുമാരാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി റഹ്‌മാന്‍ പുരസ്‌കാരം നേടിയിരുന്നു. ബര്‍വ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ജനറേഷന്‍ അമേസിങ് വര്‍ക്കേസ് പ്രോഗ്രാമിലൂടെ യൂത്ത് ക്ലബ്ബിന് രൂപം നല്‍കിയതില്‍ റഹ്‌മാന്‍ മുഖ്യ പങ്കുവഹിച്ചു. തുടക്കത്തില്‍ 20 പേര്‍ മാത്രമുണ്ടായിരുന്ന ടീമില്‍ പിന്നീട് 300ലേറെ പേര്‍ പങ്കാളികളായി.
ALSO WATCH