Thursday, December 2, 2021
HomeNewsfeedസെമിയില്‍ അമേരിക്കയോട് അടിയറവ്; ഗോള്‍ഡ് കപ്പില്‍ നിന്ന് ഖത്തര്‍ തല ഉയര്‍ത്തി മടങ്ങുന്നു

സെമിയില്‍ അമേരിക്കയോട് അടിയറവ്; ഗോള്‍ഡ് കപ്പില്‍ നിന്ന് ഖത്തര്‍ തല ഉയര്‍ത്തി മടങ്ങുന്നു

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് സെമിയില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ ശക്തരായ അമേരിക്കയോട് ഒരു ഗോളിന്(1-0) കീഴടങ്ങി. ടെക്‌സസിലെ ഓസ്റ്റിന്‍ സ്‌റ്റേഡിയത്തില്‍ 20,000ലേറെ കാണികള്‍ക്കു മുന്നിലായിരുന്നു ഖത്തറിന്റെ വീരോചിത പോരാട്ടം.

കളിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഖത്തറിന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലെ പെനല്‍റ്റി മിസ് ചെയ്തതും നിര്‍ഭാഗ്യമായി.

കളിയുടെ ഏഴാം മിനിറ്റില്‍ ഖത്തര്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് യുഎസ് പോസ്റ്റിന്റെ വലതു വിങ്ങില്‍ നിന്ന് ഇടത്തേ അറ്റത്തേക്ക് നല്‍കിയ പാസ് അല്‍മോസ് അലിക്ക് കണക്ട് ചെയ്യാനായില്ല. 19ാം മിനിറ്റില്‍ യുഎസ് ഗോള്‍ കീപ്പര്‍ മാറ്റ് ടേണറിന്റെ മനോഹരമായ സേവും ഖത്തര്‍ ആക്രമണത്തിന്റെ മുനയൊടിച്ചു. രണ്ട് മിനിറ്റിനികം അബ്ദുല്‍ അസീസ് ഹാത്തിമിന്റെ മറ്റൊരു ശ്രമം ടേണര്‍ നിഷ്ഫലമാക്കി.

കളിയുടെ രണ്ടാം പകുതിയിലാണ് ഖത്തറിന് പെനല്‍റ്റി ലഭിച്ചത്. ജെയിംസ് സാന്‍ഡ്‌സ് ഖത്തര്‍ താരത്തെ ബോക്‌സിനകത്ത് വച്ച് ഫൗള്‍ ചെയ്യുകയായിരുന്നു. ദീര്‍ഘമായ വാര്‍ റിവ്യൂവിന് ഒടുവില്‍ ലഭിച്ച പെനല്‍റ്റി പക്ഷേ അല്‍ ഹൈദോസ് കളഞ്ഞു കുളിച്ചു.

കളിയുടെ 86ാം മിനിറ്റിലാണ് അമേരിക്കയുടെ നിര്‍ണായക ഗോള്‍ പിറന്നത്. നിക്കോളാസ് ഗിയോഷിനി നല്‍കിയ ക്രോസ് ഗ്യാസി സാര്‍ഡസ് ഖത്തര്‍ വലയിലേക്ക് കോരിയിടുകയായിരുന്നു.

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ 13ാം ജയം നേടിയ അമേരിക്ക ഞായറാഴ്ച്ച രാത്രി നിലവിലെ ചാംപ്യന്‍ മെക്‌സിക്കോയെ ഫൈനലില്‍ നേരിടും.

അതിഥി ടീമായി ആദ്യമായി കോണ്‍കകാഫ് ഗോള്‍ഡ് കപ്പിന് എത്തിയ ഖത്തര്‍ സെമി വരെ എത്തി തല ഉയര്‍ത്തിയാണ് മടങ്ങുന്നത്. അടുത്ത വര്‍ഷം ലോക കപ്പിന് ഒരുങ്ങുന്ന ഖത്തറിന് ആത്മവിശ്വാസം പകരുന്നതാണ് ഈ നേട്ടം. ഇനി 2022 ഫിഫ ലോക കപ്പിന്റെ യൂറോപ്യന്‍ യോഗ്യതാ മല്‍സരങ്ങളിലായിരിക്കും ഖത്തറിന്റെ ശ്രദ്ധ. സപ്തംബര്‍ ആദ്യവാരം ഖത്തര്‍ മൂന്ന് മല്‍സരങ്ങള്‍ കളിക്കും. ആതിഥേയ ടീം എന്ന നിലയില്‍ ഖത്തര്‍ ഇതിനകം ലോക കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ALSO WATCH

Most Popular