മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളില്‍ കൊറോണ വിവരങ്ങള്‍ അറിയാം; വാട്ട്‌സാപ്പില്‍ സംവിധാനമൊരുക്കി ഖത്തര്‍

corona information in whatsapp

ദോഹ: കൊറോണയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ വാട്ട്‌സാപ്പില്‍ ആറ് ഭാഷകളില്‍ സംവിധാമൊരുക്കി ഖത്തര്‍. ഏറ്റവും പുതിയതും ആധികാരകവുമായ വിവരങ്ങള്‍ ഖത്തര്‍ നിവാസികള്‍ക്ക് അതത് ഭാഷകളില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

മലയാളത്തിനു പുറമേ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലാണ് ഖത്തര്‍ ഗവണ്‍മെന്റ് കമ്യണിക്കേഷന്‍ ഓഫിസ് നല്‍കുന്ന സേവനം ലഭ്യമാവുക. കൊറോണ വൈറസ് പ്രതിരോധ നടപടികളും ലക്ഷണങ്ങളും, ഏറ്റവും പുതിയ കണക്കുകള്‍, വീട്ടില്‍ കഴിയുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍, യാത്രാ ഉപദേശങ്ങള്‍, തെറ്റിദ്ധാരണകള്‍ നീക്കല്‍, വൈറസ് പ്രതിരോധത്തിന് ഖത്തര്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയവ വാട്ട്‌സാപ്പില്‍ ലഭിക്കും.

ഇതിനായി +974 6006 0601 നമ്പര്‍ സേവ് ചെയ്ത് ഏതെങ്കിലും ഒരു ഭാഷയില്‍ മെസേജ് അയച്ചാല്‍ മറുപടിയായി ഭാഷ തിരഞ്ഞെടുക്കാനുള്ള മെനു ലഭിക്കും. മലയാളം തിരഞ്ഞെടുക്കുന്നതിന് 6 എന്ന നമ്പര്‍ ആണ് ടൈപ്പ് ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന ലളിതമായ മെനുവില്‍ നിന്ന് നമ്പര്‍ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മലയാളത്തില്‍ കിട്ടും. ഇവിടെ ക്ലിക്ക് ചെയ്തും വാട്ട്‌സാപ്പില്‍ ബന്ധപ്പെടാം.

വാട്ട്‌സാപ്പ് ബിസിനസ് എപിഐ ഉപയോഗിച്ച് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ ഇന്‍ഫോബിപ്പിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Qatar Government Communications Office launches Coronavirus Information Service on WhatsApp