ദോഹ: കൊറോണവ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചില പ്രദേശങ്ങള്‍ ബുധനാഴ്ച്ച തുറക്കും. സ്ട്രീറ്റ് നമ്പര്‍ 1, 2, വക്കാല സ്ട്രീറ്റ് എന്നിവയാണ് ബുധനാഴ്ച്ച തുറക്കുകയെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു.
ഈ മൂന്ന് സ്ട്രീറ്റുകളിലുമുള്ള തൊഴിലാളികളെ മെകൈനീസ്, ബര്‍വ ഐസൊലേഷന്‍ സെന്ററുകളിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുന്നതായി നേരത്തേ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. 55 വയ്‌സിനു മുകളിലുള്ളവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇവിടെ നിന്ന് ഒഴിപ്പിക്കുന്ന തൊഴിലാളികളുടെ മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി വഹിക്കുമെന്നാണ് അറിയിച്ചത്.
മറ്റു സ്ട്രീറ്റുകളും വരുംദിവസങ്ങളില്‍ തുറക്കാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ വലിയ തോതില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയില്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 32 വരെ കഴിഞ്ഞ മാസം അടച്ചത്.
കൊറോണബാധയെ തുടര്‍ന്നുള്ള മരണനിരക്ക് ഖത്തറില്‍ വളരെ കുറവാണെന്ന് അവര്‍ വിശദീകരിച്ചു. 6000ലേറെ പേര്‍ക്ക് രോഗം പോസിറ്റീവായപ്പോള്‍ ഒമ്പതു പേരാണ് മരിച്ചത്. ഒരു ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളവര്‍.
Gradual lifting of Industrial Area lockdown to begin on Wednesday: Khater