ഖത്തറും സൗദിയും നേര്‍ക്കുനേര്‍; ഇന്നത്തെ കളിയാണ് കളി

qatar players

ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമി ഫൈനലില്‍ ഇന്ന് ഏഷ്യയിലെ രണ്ടു കരുത്തന്മാരുടെ പോരാട്ടം. ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ വമ്പന്‍ ടീമുകളിലൊന്നായ സൗദി അറേബ്യയെയാണ് നേരിടുന്നത്. രാത്രി എട്ടിന് വക്രയിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം. അത്യന്തം വീറും വാശിയുമേറി പോരാട്ടം പ്രതീക്ഷിക്കുന്ന ഇല്ലെ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു.

കഴിഞ്ഞ ജനുവരിയില്‍ അബൂദബിയില്‍ നടന്ന ഏഷ്യാകപ്പിലാണ് അവസാനമായി ഖത്തറും സൗദിയും ഏറ്റുമുട്ടിയത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഖത്തര്‍ സൗദിയെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യമല്‍സരത്തില്‍ കുവൈത്ത് 1-3ന് സൗദിയെയും ഇറാഖ് 2-1ന് ഖത്തറിനെയും പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള രണ്ട് മാച്ചുകളും ജയിച്ച് ഇരുടീമുകളും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ശക്തരായ യുഎഇയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഖത്തര്‍ ഇന്ന് കളത്തിലിറങ്ങുന്നത്.

ഇന്നത്തേത് കടുത്ത മല്‍സരമായിരിക്കും. ഇനിയൊരു അബദ്ധത്തിന് അവസരമില്ല-ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു. ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന ബസ്സാം അല്‍ റാവി ഒഴികെ ഖത്തറിന്റെ മുഴുവന്‍ താരങ്ങളും ഇന്നത്തെ മല്‍സരത്തിന് വേണ്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഉള്ളത്. ഇന്നത്തെ മത്സരം കാണാന്‍ അല്‍ വക്രയിലേക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. മത്സരത്തിനുള്ള ടിക്കറ്റ് കൈവശമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സെമി ഫൈനല്‍ നടക്കുന്നതിനാല്‍ ഇന്ന് അല്‍ വക്രയില്‍ നിന്നുള്ള ദോഹ മെട്രോയുടെ മെട്രോ ലിങ്ക് സര്‍വീസുകള്‍ റാസ് ബു ഫോന്റാസ് സ്റ്റേഷന്‍ വരെ സര്‍വീസ് നടത്തും. അല്‍ വക്ര സ്റ്റേഷനിലെ വാഹനങ്ങളുടെ പാര്‍ക്കിങ് സമീപ പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി 12 വരെയായിരിക്കും ഇന്നത്തെ മെട്രോ സര്‍വീസ്.

വക്‌റ മെട്രോ സ്‌റ്റേഷനില്‍ നിന്ന് അല്‍ജനൂബ് സ്‌റ്റേഡിയത്തിലേക്ക് കര്‍വ പ്രത്യേക ഷട്ടില്‍ സര്‍വീസുകളും നടത്തും. വൈകീട്ട് 5 മണിമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുവാസലാത്ത് ട്വിറ്ററില്‍ അറിയിച്ചു. കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള വഴി കാണിക്കുന്നത് അശ്ഗാല്‍ 190 താല്‍ക്കാലിക സൈന്‍ ബോര്‍ഡുകളും 11 മൊബൈല്‍ ഇലക്ട്രോണിക് സൈനുകളും സ്ഥാപിച്ചിട്ടുണ്ട്. അല്‍ജനൂബ് സ്റ്റേഡിയത്തിലേക്കുള്ള 50 കിലോമീറ്റര്‍ റോഡ് തടസ്സമില്ലാത്ത രീതിയില്‍ ക്ലീന്‍ ചെയ്ത് സജ്ജീകരിച്ചിട്ടുമുണ്ട്.

ഇന്നത്തെ ആദ്യ സെമിയില്‍ ബഹ്റയ്ന്‍ ഇറാഖിനെ നേരിടും. വൈകീട്ട് 5 മണിക്ക് അബ്ദുല്ലാ ബിന്‍ ഖലീഫാ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. രണ്ടു മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ തമ്മിലാണ് ഈ മാസം എട്ടിന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ഏറ്റുമുട്ടുക