ഖത്തറില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും

Qatar subsidized goods

ദോഹ: സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ശേഷം മറിച്ച് വിറ്റാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതോ അതു നല്‍കി മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതോ മറ്റേതെങ്കിലും രീതിയില്‍ ഒഴിവാക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.

സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ അത് ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോവാനോ ലൈസന്‍സ് ഇല്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനോ പാടില്ല.

5 ലക്ഷം റിയാല്‍ പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.