Saturday, December 4, 2021
HomeNewsfeedഗസയിലെ മൂന്ന് വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ട് വന്ന് ഖത്തറിന്റെ ഹമദ് ഹോസ്പിറ്റല്‍

ഗസയിലെ മൂന്ന് വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ട് വന്ന് ഖത്തറിന്റെ ഹമദ് ഹോസ്പിറ്റല്‍

ഗസാ സിറ്റി: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴെവീണ് ഗുരുതരാവസ്ഥയിലായ മൂന്ന് വയസ്സുകാരിയെ ഗസയിലെ ഹമദ് ഹോസ്പിറ്റല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പിതാവിനെയും കാത്ത് കെട്ടിടത്തിന്റെ നാലാം നിലയിലെ വീട്ടിലുള്ള ജനലരികില്‍ നില്‍ക്കുകയായിരുന്നു നൂര്‍ എന്ന് പേരുള്ള മൂന്ന് വയസ്സുകാരി. പെട്ടെന്ന് കാല്‍തെന്നി താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഗസയിലെ അല്‍ ശിഫ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.

ഒരു മാസത്തെ ഐസിയു വാസത്തിന് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടതായി നൂറിന്റെ മാതാവ് പറഞ്ഞു.

തുടര്‍ന്നാണ് ആരോ നിര്‍ദേശിച്ചത് പ്രകാരം ഗസയിലെ ശെയ്ഖ് ഹമദ് പോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പ്രോസതറ്റിക്‌സ് ലിമ്പ്‌സിലേക്ക് മാറ്റിയത്. ഗസയില്‍ ഖത്തര്‍ നടത്തുന്ന ആശുപത്രിയാണിത്.

വീഴ്ച്ചയില്‍ നൂറിന്റെ തലയോട്ടി തകരുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു. നൂറിന്റെ ചികില്‍സയ്ക്കായി വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കി.

ഹമദ് ആശുപത്രിയിലെ ഒരു മാസത്തെ ചികില്‍സ കഴിഞ്ഞതോടെ നൂര്‍ വിരലുകള്‍ അനക്കാനും നടക്കാനും സംസാരിക്കാനും തുടങ്ങി. നൂര്‍ 100 ശതമാനവും സ്വബോധം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

തന്റെ മകളെ രക്ഷിച്ച ഖത്തറിനും ഹമദ് ആശുപത്രിക്കും നൂറിന്റെ മാതാവ് നന്ദി അറിയിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും അവര്‍ പ്രത്യേകം നന്ദി അറിയിച്ചു.

Most Popular