നാളെ മുതല്‍ നാല് ദിവസം ഹമദ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് സൗജന്യം

ദോഹ: ജനുവരി 3 മുതല്‍ 6 വരെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂര്‍ നേരം ഷോര്‍ട്ട് ടേം പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം.

രാത്രി 10 മുതല്‍ പുലര്‍ച്ചെ 3 മണിവരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. യാത്രക്കാര്‍ ഏറ്റവും കൂടുതലായി എത്തുന്ന സമയമായതിനാലാണ് ഈ സമയത്ത് സൗജന്യം അനുദവിക്കുന്നത്. വിന്റര്‍ അവധി കഴിഞ്ഞ് അടുത്തയാഴ്ച്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ നാട്ടില്‍ പോയ കുടുംബങ്ങളും മറ്റും വലിയ തോതില്‍ തിരിച്ചുവരുന്ന സമയമാണ് ഡിസംബര്‍ 3 മുതല്‍ 6 വരെ.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അറൈവല്‍, ഡിപാര്‍ച്ചര്‍ ഭാഗത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഈ സമയത്ത് ഉപഭോക്താക്കള്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വരുന്ന വാഹനങ്ങള്‍ അറൈവല്‍ ഗെയ്റ്റില്‍ തിക്കും തിരക്കും സൃഷ്ടിക്കാറുണ്ട്.

Content Highlight: Hamad international airport makes short term parking free for few days