ദോഹ വിമാനത്താവളത്തിന്റെ കുളിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി അധികൃതര്‍

Hamad International airport

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടെത്തിയ നവജാത ശിശുവിന് അടിയന്തര വൈദ്യപരിരക്ഷ ലഭ്യമാക്കിയതായും കുഞ്ഞ് സുരക്ഷിതമാണെന്നും വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അമ്മയുടെ സുരക്ഷ പരിഗണിച്ച് കുഞ്ഞിന്റെ അമ്മ ആരെന്ന് അവര്‍ വിമാനത്താവളം വിടും മുമ്പ് കണ്ടെത്താനും ആവശ്യമായ വൈദ്യസഹായം നല്‍കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് പ്രവേശിച്ചവരോട് ഇക്കാര്യത്തില്‍ സഹായം തേടുകയാണ് ചെയ്തത്- ഹമദ് വിമാനത്താവളം അധികൃതര്‍ ഇമെയില്‍ വഴി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തേ, ആസ്‌ത്രേലിയന്‍ ടെലിവിഷന്‍ ചാനലായ സെവന്‍ ന്യൂസ് സംഭവത്തില്‍ ആസ്‌ത്രേലിയ ആശങ്ക അറിയിച്ചതായി റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, സിഡ്‌നിയിലേക്ക് യാത്ര ചെയ്യാനിരുന്ന 13 ആസ്‌ത്രേലിയന്‍ വനിതകളെ ആംബുലന്‍സില്‍ കയറ്റി ദേഹ പരിശോധന നടത്തിയതായായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ ആസ്‌ത്രേലിയ ആശങ്ക അറിയിച്ചതായും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍, സംഭവത്തില്‍ കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ പരിഗണിച്ചുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചു. ഒക്ടോബര്‍ 2ന് ആണ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടന്‍ ആവശ്യമായ വൈദ്യ ശുശ്രൂഷ നല്‍കി. പ്രസവിച്ച ഉടനെയുള്ള അമ്മയുടെ സുരക്ഷയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തുണ്ടായിരുന്നവരോട് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ അജ്ഞാതനായ കുഞ്ഞ് ആരോഗ്യ-സാമൂഹിക പ്രവര്‍ത്തകരുടെ കൈകളില്‍ സുരക്ഷിതമാണ്. കുഞ്ഞിന്റെ അമ്മയെക്കുറിച്ച് അറിയാവുന്നവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Hamad International Airport statement on finding abandoned new-born at airport