ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കൊറോണ പരിശോധന നടക്കുന്ന രാജ്യമായി ഖത്തര്‍

ദോഹ: കൊറോണ പരിശോധനാ നിരക്കില്‍ ലോകത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. കൊവിഡ് 19 പരിശോധനയ്ക്ക് മുന്‍ഗണന നല്‍കിയും ആവശ്യമായ ലബോറട്ടറി സംവിധാനമൊരുക്കിയുമാണ് ഇത് സാധ്യമാക്കിയത്.

മാര്‍ച്ച് 17 വരെ 8,400ഓളം പേരെയാണ് രാജ്യത്ത് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ലബോറട്ടറി ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരുമായി നടന്ന യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പരിശോധനാ ഘട്ടങ്ങളില്‍ മുഴുവന്‍ ഖത്തര്‍ സുതാര്യത പാലിക്കുന്നുണ്ട്. ടെസ്റ്റ് വിവരങ്ങള്‍ കൃത്യമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

വളരെ നേരത്തെ തന്നെ ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും തങ്ങള്‍ തയ്യാറാക്കിയിരുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ലബോട്ടറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി(ഡിഎല്‍എംപി) അധ്യക്ഷ ഡോ. അജായിബ് അല്‍ നാബിത്ത് പറഞ്ഞു.

കൊറോണ പരിശോധനയ്ക്കായി എച്ച്എംസി ലബോറട്ടറി മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും രാവിലെ 9മണി, വൈകീട്ട് 5 മണി, രാത്രി 10 മണി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഫലം പുറത്തുവിടുന്നത്. ഗുരുതര കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നുണ്ട്. പരിശോധന പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Health Minister: Qatar has one of the highest coronavirus (COVID-19) testing rates in the world