ദോഹ: കൊറോണ വൈറസ് ബാധയ്‌ക്കെതിരേ ശക്തമായ മുന്‍കരുതല്‍ നടപടകളുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ഹമദ് അന്താരാഷ്ട്രവിമാനത്തവാളത്തില്‍ എത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
ഹമദ് വിമാനത്താവളം, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുമായി സഹകരിച്ച് ഉന്നത നിലവാരത്തിലുള്ള തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പരിശോധനാ വിധേയമാക്കുന്നത്. യാത്രക്കാരുടെ ശരീര താപനില ദൂരത്ത് നിന്ന് രേഖപ്പെടുത്താന്‍ കഴിയുന്നതാണ് ഈ കാമറകള്‍.
ന്യാമോണിയയുടെ ലക്ഷണങ്ങളായ ഉയര്‍ന്ന പനി, ചുമ, ശ്വാസ തടസ്സം എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കും. ഒരു വിമാനത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കുന്നതിന് 20 മിനിറ്റില്‍ കൂടുതല്‍ എടുക്കില്ലെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതിനകം ആറ് വിമാനങ്ങളില്‍ ചൈനയില്‍ നിന്നെത്തിയ 2000ഓളം യാത്രക്കാരെ പരിശോധിച്ചു. മൂന്ന് തെര്‍മല്‍ കാമറകളാണ് ഇതിന് ഉപയോഗിച്ചത്. പരിശോധനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനായിട്ടില്ല. 10 കാമറകളാണ് പരിശോധനയ്ക്കായി ഹമദ് വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധന നടത്തുന്നതിന് വിമാനത്താവളത്തിനകത്ത് പ്രത്യേക ക്ലിനിക്കും സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കു പുറമേ ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വിമാനത്തിനകത്ത് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.
Content Highlights: Health Ministry begins precautionary measures to confront corona virus