ദോഹ: ഖത്തറില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ശക്തമായ മഴ. ഉംസെയ്ദില്‍ ആലിപ്പഴ വര്‍ഷത്തോട് കൂടിയ മഴയില്‍ മരങ്ങളും മതിലുകളും തകര്‍ന്നു വീണു. ഉംസെയ്ദ് പോലിസ് സ്‌റ്റേഷനു സമീപമുള്ള ചെറിയ മസ്ജിദിന്റെ മിനാരവും തകര്‍ന്നുവീണിട്ടിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ നാളെ വരെ തുടരുമെന്നാണ് പ്രവചനം.
ഉംസെയ്ദ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇവിടെ 34.5 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. ദോഹയില്‍ 11.2 മില്ലിമീറ്ററും വക്‌റയില്‍ 18.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 8.3 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഉംസെയ്ദില്‍ ആലിപ്പഴം വര്‍ഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദോഹ നഗരത്തിലും പുറത്തും ശക്തമായ മഴ ലഭിച്ചു. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ന് വൈകുന്നേരം 6 മണി വരെ കടല്‍ത്തീരത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നാളെ വരെ ശക്തമായ കാറ്റിനൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.