ദോഹ: ശക്തമായ വേലിയേറ്റത്തില്‍ ഖത്തറിലെ ചില ശൈത്യകാല ക്യാമ്പുകള്‍ വെള്ളത്തിലായി. ഖോര്‍ അല്‍ ഉദൈദ്പ്രദേശത്തെ ചില ക്യാമ്പുകളിലാണ് വെള്ളം കയറിയത്. വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ക്യാമ്പ് ചെയ്യുന്നവരും സന്ദര്‍ശകരും സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വേലിയേറ്റം കടലിനു സമീപത്തെ ക്യാമ്പുകളെയും വാഹനങ്ങള്‍, പോര്‍ട്ടകാബിനുകള്‍ എന്നിവയെയും ബാധിച്ചു.
കടല്‍ വെള്ളം 700 മീറ്ററോളം കരയിലേക്കു കയറി. 2.3 മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ അടിച്ചു. ഇതില്‍പ്പെട്ട് ചില വാഹനങ്ങള്‍ മുങ്ങുകയായിരുന്നു. ഖോര്‍ അല്‍ ഉദൈദിലും സീലൈനിലും ഈ സീസണില്‍ സന്ദര്‍ശകരുടെയും ക്യാമ്പ് ചെയ്യുന്നവരുടെയും എണ്ണം കൂടുതലാണ്. കാര്യമായ വേലിയേറ്റം ഉണ്ടാവാറുള്ള പ്രദേശമാണ് ഖോര്‍ അല്‍ ഉദൈദ്. ഈ പ്രദേശത്തെത്തുന്നവര്‍ നല്ല ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.