ഗ്ലൂക്കോഫേജ് പ്രമേഹമരുന്ന് കാന്‍സറിന് കാരണമാവില്ലെന്ന് എച്ച്എംസി

ദോഹ: പ്രമേഹ രോഗത്തിനുള്ള മരുന്നായ മെറ്റ്‌ഫോര്‍മിന്‍ അപകടകരമല്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. എച്ച്എംസി ഫാര്‍മസി വഴി വിതരണം ചെയ്യുന്ന ഗ്ലൂക്കോഫേജ് എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന മെറ്റ്‌ഫോര്‍മിന്‍ മരുന്നില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന എന്‍ഡിഎംഎയുടെ സാന്നിധ്യം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മെറ്റ്‌ഫോര്‍മിനില്‍ എന്‍ഡിഎംഎ സാന്നിധ്യം സംശയിക്കുന്നതായി ഡിസംബര്‍ 10ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ എച്ച്എംസി വിതരണം ചെയ്യുന്ന ഗ്ലൂക്കോഫേജില്‍ എന്‍ഡിഎംഎ യുടെ സാന്നിധ്യമില്ലെന്ന് വ്യക്തമായാതായാണ് അറിയിപ്പ്.

യഥാര്‍ത്ഥ ഉല്‍പാദകരായ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഗ്‌ളൂക്കോഫേജ് ആണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിതരണം ചെയ്യുന്നതെന്നും ഇത് പൂര്‍ണമായും സുരക്ഷിതമാണെന്നും എച്ച്എംസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും (എഫ്ഡിഎ) യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി( ഇഎംഎ) യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരമായി ഈ ഗുളികകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.