ദോഹ: ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് ആസ്പയര്‍ പാര്‍ക്കില്‍ തുടക്കമായി. 3000ലേറെ പേരാണ് ആദ്യ ദിവസം ആകാശത്തേക്കുയരുന്ന വര്‍ണ ബലൂണുകളുടെ ഭംഗി ആസ്വദിക്കാനെത്തിയത്.
12 ദിവസം നീളുന്ന വേളയില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള 33 ഹോട്ട് എയര്‍ ബലൂണുകളാണ് ആസ്പയര്‍ പാര്‍ക്കിന്റെ ആകാശത്തേക്ക് പറക്കുക. ഇന്ത്യയില്‍ നിന്നുള്ള ടീമും മേളയില്‍ പങ്കെടുക്കുന്നുണ്ട്. യുകെ, അമേരിക്ക, ഇറ്റലി, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമുണ്ട്.
ഡിസംബര്‍ 18ന് അവസാനിക്കുന്ന മേളയില്‍ ലൈവ് മ്യൂസിക്, മികച്ച ബ്രാന്‍ഡുകളുടെ ഭക്ഷ്യ വിഭവങ്ങള്‍, കുട്ടികള്‍ക്കുള്ള കലാപരിപാടികള്‍, ബലൂണ്‍ നൈറ്റ് ഗ്ലോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ്, 2019 ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, ഖത്തര്‍ ദേശീയ ദിനം തുടങ്ങിയ പ്രധാന പരിപാടികളോടൊപ്പമാണ് ബലൂണ്‍ മേളയും എത്തിയിരിക്കുന്നത്.
സയാഹ്നത്തില്‍ ആകാശത്തേക്കുയരുന്ന വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള ബലൂണുകള്‍ മറക്കാനാവാത്ത കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ഒരു ബലൂണ്‍ 45 മുതല്‍ 60 മിനിറ്റ് വരെയാണ് പറത്തുക. രാവിലെ 6.15നാണ് ആദ്യ ഫ്രീ ഫ്‌ളൈറ്റ് പറത്തല്‍. കാറ്റിന്റെ ഗതിക്കനുസരിച്ച് എല്ലാ ബലൂണുകളും ഒരുമിച്ച് പറക്കുന്ന ഫ്രീ ഫ്‌ളൈറ്റ് 30 മുതല്‍ 45 മിനിറ്റ് വരെ നീളും. ഉച്ചയ്ക്ക് 2 മണിക്കാണ് അടുത്ത പറത്തല്‍. പിന്നീട് രാത്രി 6.30ന് നൈറ്റ് ഗ്ലോ. 8.30ന് മേള സമാപിക്കും.