Thursday, December 2, 2021
HomeGulfQatarതൊഴിലാളികളുടെ വേതനം: ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ഖത്തര്‍

തൊഴിലാളികളുടെ വേതനം: ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ഖത്തര്‍

ദോഹ: തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്ആര്‍ഡബ്ല്യു) പുറത്തുവിട്ട റിപോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് ഖത്തര്‍. ആഗസ്ത് 24ന് എച്ച്ആര്‍ഡബ്ല്യു പുറത്തുവിട്ട റിപോര്‍ട്ട് വയനക്കാരെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങള്‍ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്നവരോട് ചെയ്യുന്ന അനീതിയുമാണെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്(ജിസിഒ) പ്രസ്താവനയില്‍ അറിയിച്ചു.

നിലവിലെ റിപോര്‍ട്ടില്‍ ഖത്തറിന്റെ നയങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ചുവരുന്ന തെറ്റുകളുണ്ട്. ഖത്തറിലെ നിലവിലെ സാഹചര്യം പ്രതിഫലിപ്പിക്കുന്നതല്ല റിപോര്‍ട്ടെന്നും ജിസിഒ പ്രസ്താവനയില്‍ വിശദീകരിച്ചു. ഖത്തറിലെത്തുന്ന ഏറെക്കുറേ മുഴുവന്‍ ആളുകളും വേതനവുമായി ബന്ധപ്പെട്ട് ഒരു ചൂഷണവും നേരിടുന്നില്ല. എന്നാല്‍, ചില ഒറ്റപ്പെട്ട കേസുകളുണ്ടാവാം. രാജ്യത്തെ നിയമങ്ങളിലും ചട്ടങ്ങളിലും കാര്യമായ ഭേദഗതി വരുത്തിയതോടെ ഇത്തരം കേസുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് തൊട്ട് മുമ്പ് മാത്രമാണ് എച്ച്ആര്‍ഡബ്ല്യു സര്‍ക്കാരിനെ സമീപിച്ചത്. ഈ വിഷയത്തെക്കുറിച്ച് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയുകയോ ഏതെങ്കിലും സമയത്ത് തൊഴിലാളികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ എച്ച്ആര്‍ഡബ്ല്യു അഭിമുഖം നടത്തിയതായി പറയുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നുവെന്നും ജിസിഒ അറിയിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍ജിഒകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രമാണ് ഖത്തര്‍. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമായി കൈകോര്‍ത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ രാജ്യം തയ്യാറാണ്. തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എച്ച്ആര്‍ഡബ്ല്യു മുന്നോട്ട് വച്ച പല ശുപാര്‍ശകളും ഖത്തര്‍ നിലവില്‍ നടപ്പാക്കിയതോ പദ്ധതിയിലുള്ളതോ ആണ്. എന്‍ഒസി എടുത്തു കളഞ്ഞത്, വേജ് പ്രൊട്ടക്ഷന്‍ സംവിധാനം, മിനിമം വേതനം, വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

തൊഴിലാളികള്‍ക്ക് വേണ്ടി ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃകയാണെന്നും കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

Most Popular