ദോഹ: ലോക പ്രശസ്ത ത്രീഡി മോഡലേഴ്സ് ആയ Hum3D നടത്തിയ ‘വിത്തൗട്ട് ബോര്‍ഡേഴ്സ് 3-ഡി ചാലഞ്ച് ‘ മത്സരത്തില്‍ എടക്കാട് സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ എം കെ. മുഹമ്മദ് റമീസിന് ഒന്നാം സ്ഥാനം. താമസിക്കുന്ന സ്ഥലത്തെ പ്രശസ്തമായ ഒരു കെട്ടിടത്തിന്റെ ത്രിമാന ചിത്രം തയ്യാറാക്കാനുള്ള മത്സരത്തില്‍ ദോഹയിലെ ആസ്പെയര് ടവര്‍ ചിത്രീകരിച്ചാണ് റമീസ് വിജയിയായത്. ലോകത്തെ അറിയപ്പെടുന്ന ത്രിഡി ആര്ട്ടിസ്റ്റുകളടങ്ങിയ ജൂറി തിരഞ്ഞെടുത്ത വിജയിക്ക് ഒമ്പത് ലക്ഷം രൂപ വില വരുന്ന ആധുനിക സോഫ്റ്റുവെയറുകളും മറ്റ് ടൂളുകളുമടങ്ങിയ സമ്മാനമാണ് ലഭിക്കുക.
ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ഫോറന്‍സിക് 3 ഡി ആനിമേഷന്‍ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് റമീസ്. ഏതാനും വര്‍ഷം മുമ്പ് വിവിധോദ്ദേശ്യ ചെറു ഡ്രോണ്‍ വാഹനം സ്വന്തമായി രൂപകല്പന ചെയ്ത് വിദേശത്തെയും ഇന്ത്യയിലെയും മാഗസിനുകളില്‍ ഇടം പിടിച്ചിരുന്നു. ഇത്തരം ചെറു വാഹനങ്ങള്‍ നിര്‍മ്മിച്ച് ഓപ്പറേറ്റ് ചെയ്യാനുള്ള യു.എസ്, ജര്‍മനി ആസ്ഥാനമായ ഇവിഎ എന്ന പ്രോജക്ടിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ എടക്കാട്ടെ ‘സാവന്ന’ യിലെ മേലേക്കണ്ടി എം കെ മറിയുവിന്റെയും കെ പി റഫീഖിന്റെയും മകനാണ്.