ദോഹ: ലിംഗ നീതിയും സ്ത്രീശാക്തീകരണവും ഖത്തറിന്റെ വിജയത്തില്‍ പ്രധാന ഘടകമാണെന്ന് ഖത്തര്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി രാജ്യത്തിന് അകത്തും പുറത്തും ഖത്തര്‍ ശബ്ദിക്കാറുണ്ട്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ്.
ഖത്തറിന്റെ നിയമങ്ങളെയും നയങ്ങളെയും സ്ത്രീകളോടുള്ള നിലപാടിനെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നത്. റിപോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ഖത്തര്‍ ഭരണഘടന, നിയമങ്ങള്‍, നയങ്ങള്‍ എന്നിവയുമായി ചേര്‍ന്നുപോകുന്നതല്ല. അതില്‍ പറഞ്ഞ സംഭവങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ആരെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
50ഓളം സ്ത്രീകളുമായി അഭിമുഖം നടത്തിയാണ് ഹ്യുമന്‍ റൈറ്റ്സ് വാച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്. ഖത്തറിലെ പുരുഷ മേധാവിത്വ സംസ്കാരം സ്ത്രീകളുടെ കുതിപ്പിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളെ മൈനര്‍ ആയാണ് രാജ്യത്ത് പരിഗണിക്കുന്നതെന്നുമാണ് പ്രധാന ആരോപണം. യാത്ര ചെയ്യാന്‍, കോളജ് ബിരുദം സമ്പാദിക്കാന്‍, ആവശ്യമായ ഗൈനക്കോളജി ചികില്‍സ ലഭ്യമാക്കാന്‍ ഒക്കെ ഇത് സ്ത്രീകള്‍ക്ക് തടസ്സം നില്‍ക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ജീവിതത്തിന്റെ എല്ലാ തുറകളിലും ഖത്തറില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കുണ്ട്. തൊഴില്‍ മേഖലയിലെ പ്രാതിനിധ്യം, സര്‍ക്കാര്‍ മേഖലയിലെ തുല്യ വേതനം, യൂനിവേഴ്സിറ്റി കോഴ്സുകളിലെ സ്ത്രീകളുടെ ഉയര്‍ന്ന ശതമാനം തുടങ്ങിയവയെല്ലാം രാജ്യത്ത് ലിംഗനീതി നിലനില്‍ക്കുന്നുവെന്നതിന്റെ സൂചകങ്ങളാണ്.
സത്രീകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും എല്ലാ മേഖലകളിലും അവസരവും ഉറപ്പ് വരുത്തുന്നതിന് ഖത്തര്‍ വന്‍തുകയാണ് ചെലവഴിക്കുന്നത്. നിലവില്‍ രാജ്യത്തെ ബിസിനസ് മേഖലയില്‍ 20 ശതമാനവും സ്ത്രീകളുടെ പേരിലുള്ളതാണ്. 2015ല്‍ 1,400 ബിസിനസുകള്‍ ഉണ്ടായിരുന്നത് 2020ല്‍ 4,000 ആയി ഉയര്‍ന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവസരവും ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി.