ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാംപ് 29ന്

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന 40ാമത് സൗജന്യ മെഡിക്കല്‍ ക്യാംപ് 29ന് നടക്കുമെന്ന് പ്രസിഡണ്ട് പിഎന്‍ ബാബുരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ പരിസരത്ത് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30വരെയാണ് ക്യാംപ്.

ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും സഹകരണത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഓര്‍ത്തോപീഡിക്സ്, ഇഎന്‍ടി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ മെഡിക്കല്‍ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന ഉണ്ടായിരിക്കും. പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവക്കുള്ള സൗജന്യ പരിശോധനയും മരുന്നും വിതരണം ചെയ്യും.

1500ഓളം തൊഴിലാളികള്‍ ക്യാംപില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. മെഡിക്കല്‍ കമ്മീഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍, വെല്‍കെയര്‍ ഫാര്‍മസി, മലബാര്‍ ഗോള്‍ഡ്, കര്‍ണാടക സംഘ ഖത്തര്‍ എന്നിവരും ക്യാംപുമായി സഹകരിക്കുന്നുണ്ട്. ക്യാംപ് നടക്കുന്ന സ്ഥലത്ത് രാവിലെ മുതല്‍ സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ടാകും.

തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍(ഐഐസിസി) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ പബ്ലിക് റിലേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സിലെ അബ്ദുര്‍റഹീം മുഹമ്മദ് അല്‍മുശ്രി, ഫാറൂഖ് വെല്‍കെയര്‍, ഖത്തര്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഡോ. സൈബു ജോര്‍ജ്, സന്തോഷ് മലബാര്‍ ഗോള്‍ഡ്, ബിജോയ്, നിവേദിത കേത്കര്‍, അവിനാഷ് ഗെയ്ക്വാദ്, സന്തോഷ് പിള്ളൈ, സുബ്രമണ്യ ഹെബഗ്ലൂ എന്നിവരും പങ്കെടുത്തു. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 55244246, 55641025, 66497240.