ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നിരവധി അപേക്ഷകള്‍

ദോഹ: ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഒരാഴ്ച്ചയ്ക്കകം തന്നെ നൂറു കണക്കിന് അപേക്ഷകള്‍ ലഭിച്ചതായി ഭാരവാഹികള്‍. കുറഞ്ഞ വരുമാനക്കാരായ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഡിസംബര്‍ 25 മുതലാണ് പദ്ധതി ആരംഭിച്ചത്.

രണ്ട് വര്‍ഷത്തേക്ക് 125 റിയാലാണ് പ്രീമിയം തുക. ദാമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ്-ഭീമയുമായി സഹകരിച്ചാണ് ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പരമാധി പേരെ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും യോഗം കഴിഞ്ഞ ദിവസം ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ഐസിബിഎഫ് വിളിച്ചുചേര്‍ത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 150ലേറെ പ്രതിനിധികള്‍ സംബന്ധിച്ചു. ആറ് മാസം കൊണ്ട് ലക്ഷത്തോളം പേരെ പദ്ധതിയില്‍ ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി.

പോളിസി കാലയളവില്‍ അപകടമരണമോ, സ്വാഭാവിക മരണമോ സംഭവിക്കുകയാണെങ്കില്‍ ഒരു ലക്ഷം ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് തുകയായി ആശ്രിതര്‍ക്ക് കൈമാറുക. 18 വയസ്സുമുതല്‍ 65 വയസ്സുവരെ പ്രായമുള്ളവരും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഖത്തര്‍ ഐഡി കാര്‍ഡുമുള്ള എല്ലാവര്‍ക്കും നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാനാകും. അപകടത്തില്‍ ഭാഗികമായോ സ്ഥിരമായതോ ആയ വൈകല്യം സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള ഫോം ഐസിബിഎഫ് വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ടിന്റെയും ഖത്തര്‍ ഐഡിയുടെയും കോപ്പികള്‍ സഹിതം ഐസിബിഎഫ് ഓഫിസില്‍ സമര്‍പ്പിക്കണം.