ദോഹ: ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി അസിം ടെക്നോളജീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 18, 19, 26 തിയ്യതികളില്‍ മാമൂറയിലെ കേംബ്രിഡ്ജ് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റില്‍ വ്യത്യസ്ഥ വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ 150ഓളം ടീമുകള്‍ പങ്കെടുക്കും.
40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി മാസ്റ്റേഴ്സ്, കുട്ടികള്‍ക്കായി അണ്ടര്‍ 15 വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും നല്‍കും.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരും എംബസി അപെക്സ് സംഘടനാ ഭാരവാഹികളും ഉദ്ഘാടന, സമാപന പരിപാടികളില്‍ പങ്കെടുക്കും. 2022ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫുട്ബോള്‍ ലോക കപ്പിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കൊണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികമായ ആസാദി കാ അമൃത് മഹോല്‍സവിനോട് അനുബന്ധിച്ചുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി മെംബര്‍ കെ വി ബോബന്, ജില്ലാ പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന് ഇസ്മയില്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, ഒഐസി.സി ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ ജോണ്‍ ഗില്‍ബര്‍ട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ എന്നിവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്‍കാസ് എറണാകുളം ജില്ലാ ടീമിന്റെ ജഴ്സി പ്രകാശനം ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് നായര്‍ നിര്‍വ്വഹിച്ചു.