ലോക കപ്പ് യോഗ്യതാ മല്‍സരം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ

india vs bangladesh

ദോഹ: ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ മുന്നില്‍ നില്‍ക്കുന്ന ഖത്തറിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒരു ഗോളിന് തോറ്റിരുന്നു. ബംഗ്ലാദേശാവട്ടെ രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താനോട് 1-1 സമനില പിടിച്ചാണ് ഇന്ന് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. വൈകീട്ട് ഖത്തര്‍ സമയം 5 മണിക്ക് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം ടിക്കറ്റുകള്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ഖത്തറിനെതിരായ മല്‍സരത്തില്‍ രണ്ട് മഞ്ഞ കാര്‍ഡുകള്‍ കിട്ടിയ ഡിഫന്‍ഡര്‍ രാഹുല്‍ ഭെകെ 17ാം മിനിറ്റില്‍ ചുവപ്പ് കണ്ട് പുറത്തായിരുന്നു. ഏഷ്യയിലെ തന്നെ വമ്പന്‍ ടീമിനെ 10 പേരുമായാണ് തുടര്‍ന്ന് ഇന്ത്യ നേരിട്ടത്. അബ്ദുല്‍ അസീസ് ഹാതിമാണ് ഖത്തറിന് വേണ്ടി ഗോള്‍ നേടിയത്.

ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍
ബംഗ്ലാദേശും നീലക്കടുവകളും ഇതിന് മുമ്പ് 29 തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 15 തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് തവണ ബംഗ്ലാദേശ് മേല്‍ക്കൈ നേടി. 14 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇരു ടീമുകളും തമ്മിലുള്ള അവസാന മൂന്നു മല്‍സരങ്ങളും സമനിലയിലാണ് കലാശിച്ചത്. 2022 ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ 2019 ഒക്ടോബറില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത്. 1-1 ആയിരുന്നു മല്‍സര ഫലം.

മത്സരം തത്സമയം കാണാന്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി + സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 + സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 (മലയാളം കമന്ററി)
സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുങ്ക്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് കന്നഡ
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ബംഗള
ഡിസ്‌നി+ഹോട്ട്സ്റ്റാര്‍
ജിയോ ടിവി