ദോഹ: കോവിഡ് മഹാമാരി കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യോപകരണങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്). ഐസിബിഎഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്നാണ് അടിയന്തരമായി ആവശ്യമുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ തുടങ്ങിയവ ഡല്‍ഹിയിലേക്ക് എത്തിക്കുക. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് പദ്ധി പ്രാവര്‍ത്തികമാക്കുക.
ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി കൂടുതല്‍ സഹായം ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്കും സാധ്യമായ മെഡിക്കല്‍ ഉല്‍പന്നങ്ങളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കാന്‍ പദ്ധതിയുള്ളതായും ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അറിയിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സില്‍ എന്നിവയുടേയും അനുബന്ധ പ്രവാസി സംഘടനകളുടേയും പങ്കാളിത്തവും പദ്ധതിക്കുണ്ടെന്ന് സിയാദ് ഉസ്മാന്‍ വ്യക്തമാക്കി.
ഖത്തര്‍ എയര്‍വെയ്‌സിന്റെ കൈത്താങ്ങ്
ഖത്തര്‍ എയര്‍വെയ് ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയുമായി സഹകരിച്ച് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍, മെഡിക്കല്‍ എയര്‍ കംപ്രസറുകള്‍, റെംഡെസിവിര്‍ ഇന്‍ജക്ഷന്‍, തോസ്ലിസുമാബ് ഇന്‍ജക്ഷന്‍ തുടങ്ങിയവ സംഭാവനായായി സ്വീകരിച്ചാണ് ഡല്‍ഹിയിലെ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കുക. ജിഡബ്ല്യുസി ലോജിസ്റ്റിക്‌സ് വില്ലേജ് ഖത്തര്‍ വെയര്‍ ഹൗസിലാണ് സംഭാവനായി നല്‍കുന്ന ഉപകരണങ്ങള്‍ എത്തിക്കേണ്ടത്. ഒറിജിനല്‍ പാക്കേജില്‍ ഉള്ളവ മാത്രമേ സ്വീകരിക്കൂ.