ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ജനുവരി മൂന്നാം വാരം മിയാ പാര്‍ക്കില്‍

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സ് പാര്‍ക്കില്‍(മിയ പാര്‍ക്ക്) ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജനുവരി 16,17 തിയ്യതികളില്‍ രണ്ടു ദിവസങ്ങളിലായാണ് ‘പാസേജ് റ്റു ഇന്ത്യ’ എന്ന പേരില്‍ ഫെസ്റ്റിവല്‍ നടക്കുക.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള കലാ-സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും സ്റ്റാളുകളും ഫെസ്റ്റിവല്‍ നഗരിയില്‍ ഉണ്ടാവും.

ഖത്തറിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിക്കുന്നതിനുള്ള അവസരമായാണ് ഫെസ്റ്റിവലിനെ കാണുന്നതെന്ന് മിയാ പാര്‍ക്ക് ലേണിങ് ആന്റ്് ഔട്‌റീച്ച് ഡപ്യുട്ടി ഡയറക്ടര്‍ സാലം അബ്ദുല്ല അല്‍ അസ്വാദ് പറഞ്ഞു. ഐസിസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി സീനു പിള്ള, നയന്‍ വാഗ്, കള്‍ച്ചറല്‍ വിഭാഗം കോഓഡിനേറ്റര്‍ നിര്‍മലാ ഷണ്‍മുഖ പാണ്ഡ്യന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നടന്ന ‘പാസേജ് റ്റു ഇന്ത്യ’ പ്രദര്‍ശനം പതിനായിരത്തോളം പേര്‍ സന്ദര്‍ശിച്ചിരുന്നു.

ഈ മാസം 12മുതല്‍ മൂന്ന് ദിവസം ഫെസ്റ്റിവല്‍ നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.