ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ശേഖരിക്കുന്നു എന്ന പ്രചാരണം വ്യാജം. ഇത്തരത്തിലുള്ള ഒരു വിവരശേഖരണം നടത്തുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജമായ കാര്യമാണെന്നും എംബസി അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെയും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഐസിബിഎഫിന്റെയും പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

സുഹൃത്തുക്കളേ, അടിയന്തരമായി നാട്ടില്‍ പോകേണ്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പേര് വിവരങ്ങള്‍ എംബസിയില്‍ നല്‍കാന്‍ വേണ്ടി ഐസിബിഎഫില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

ഇങ്ങിനെയൊരു സന്ദേശത്തെക്കുറിച്ച് അറിയില്ലെന്ന് ഐസിബിഎഫും വ്യക്തമാക്കി. നാട്ടിലേക്കു പോകാനുള്ള സഹായം തേടി നിരവധി ഇന്ത്യക്കാര്‍ സമീപിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം തേടി ഇന്ത്യന്‍, ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഇന്ന് ഒരു മലയാളം ചാനലിനോട് വ്യക്തമാക്കിയിരുന്നു.