ഖത്തറിലെ ഇന്ത്യക്കാരെ നടുക്കി ദുരന്തം; അല്‍ മറൂന ബീച്ചില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

indians drown qatar

ദോഹ: ഖത്തറിലെ അല്‍ മറൂന ബീച്ചില്‍(Qatar Al Maroona beach) കുളിക്കാനിറങ്ങിയ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു(three Indians drown). തമിഴ്‌നാട് സ്വദേശി ബാലഗുരു(38), മകന്‍ റക്ഷന്‍(10), മകന്റെ സുഹൃത്ത് വര്‍ഷിണി വൈദ്യനാഥന്‍(12) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം.

ദോഹയിലെ കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റില്‍ ജോലി ചെയ്യുകയാണ് ബാലാജി. രക്ഷന്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയും വര്‍ഷിനി ഡിപിഎസ് മൊണാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. ബാലാജി തഞ്ചാവൂര്‍ സ്വദേശിയും, വര്‍ഷിനി ചെന്നൈ സ്വദേശിനിയുമാണ്.

ആഴമില്ലാത്ത സ്ഥലത്ത് കുളിച്ചുകൊണ്ടിരിക്കവേ ആഞ്ഞടിച്ച തിര മാലയില്‍ പെട്ടാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറഞ്ഞു. ബാലാജിയും വര്‍ഷിനിയും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. കോസ്റ്റ് ഗാര്‍ഡും പോലീസും ചേര്‍ന്ന് രക്ഷിച്ച ബാലാജിയുടെ മകന്‍ സിദ്ര ഹോസ്പിറ്റലില്‍ മൂന്ന് മണിക്കൂറിനു ശേഷമാണ് മരിച്ചതെന്ന് ബാലാജിയുടെ ബന്ധു കുമാര്‍ രംഗനാഥന്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോവും. ദുരന്തത്തില്‍ ഡിപിഎസ് മൊണാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അനുശോചനമറിയിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ കാറ്റ് ശക്തമാകുമെന്നും കടല്‍ വിനോദങ്ങള്‍ ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികൃതര്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.