ഖത്തര്‍ പ്രവാസികള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഐസിബിഎഫ്

ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ലൈഫ്  ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തേക്ക് 125 റിയാലാണ് ഗൂപ്പ് ഇന്‍ഷുറന്‍സ് പ്രീമീയം. ദാമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ്-ഭീമയുമായി സഹകരിച്ചാണ് ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പോളിസി ഉടമക്ക് പോളിസി കാലയളവില്‍ അപകടമരണമോ, സ്വാഭാവിക മരണമോ സംഭവിക്കുകയാണെങ്കില്‍ ഒരു ലക്ഷം ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് തുകയായി ആശ്രിതര്‍ക്ക് കൈമാറുകയെന്ന് ഐസിബിഎഫ്.പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18 വയസ്സുമുതല്‍ 65 വയസ്സുവരെ പ്രായമുള്ളവരും ഇന്ത്യന്‍ പാസ്പോര്‍ട്ടും ഖത്തര്‍ ഐഡി കാര്‍ഡുമുള്ള എല്ലാവര്‍ക്കും നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാനാകും. പ്രത്യേക വൈദ്യ പരിശോധനയോ മെഡിക്കല്‍ രേഖകളോ ആവശ്യമില്ല.

അപകടത്തില്‍ ഭാഗികമായോ സ്ഥിരമായതോ ആയ വൈകല്യം സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭിക്കും. വൈകല്യത്തിന്റെ തോത് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. പരമാവധി സാധാരണക്കാരായ ആളുകളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വര്‍ഷത്തേക്ക് 125 റിയാല്‍ എന്ന കുറഞ്ഞ പ്രീമിയം നിശ്ചയിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിവരങ്ങള്‍ക്ക് 55745265, 77981614, 44670060 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് മഹേഷ് ഗൗഡ, ജനറല്‍ സെക്രട്ടറി അവിനാഷ് ഗെയ്ക്വാദ്, ഹെഡ് ഓഫ് ഡവലപ്‌മെന്റ് ജൂട്ടാസ് പോള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുബ്രഹ്മണ്യ ഹെബ്ബഗെലു, സന്തോഷ് കുമാര്‍, നിവേദിത കേത്കര്‍, രാജാണി മൂര്‍ത്തി, ഡവലപ്‌മെന്റ് സബ് കമ്മിറ്റി അംഗങ്ങളായി ജെറി ബാബു, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദാമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുടെ പബ്ലിക് ഭീമ സിഒഒ ഹരി കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങള്‍>>

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം>>