ദോഹ: ഖത്തറില്‍ 2022 ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കോവിഡ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സിടി സ്‌കോര്‍ മികച്ചതാണെന്നും അടുത്ത ദിവസം വീണ്ടും ടെസ്റ്റ് നടത്തുമെന്നും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ഥാപ്പ കളത്തിലിറങ്ങിയിരുന്നില്ല.
പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്‌കോര്‍ മികച്ചതാണ്. ഖത്തറില്‍, സിടി സ്‌കോര്‍ 30നു താഴെയാണെങ്കില്‍ കോവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളില്‍ വീണ്ടും അദ്ദേഹത്തെ ടെസ്റ്റ് ചെയ്യും- കുശാല്‍ ദാസ് എഎന്‍ഐയോട് പറഞ്ഞു.
ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു. 17ആം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പ്രതിരോധ താരം രാഹുല്‍ ഭേക്കെ പുറത്തുപോയിട്ടും പൊരുതിക്കളിച്ച ഇന്ത്യ ചില ഒറ്റപ്പെട്ട അവസരങ്ങളും സൃഷ്ടിച്ചിരുന്നു. ക്രോസ്ബാറിനു കീഴില്‍ ഗുര്‍പ്രീത് സിംഗ് വളരെ മികച്ചുനിന്നു. നാളെ ബംഗ്ലാദേശുമായും ഇന്ത്യ ലോകകപ്പ് യോഗ്യതാമത്സരം കളിക്കും.
ALSO WATCH