ദോഹ: 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്ന് ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. സ്‌കൂളുകള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്ന് ബിര്‍ള പബ്ലിക് സ്‌കൂള്‍ അറിയിച്ചു.
സ്‌കൂള്‍ ബസ്സ് സര്‍വീസ് ഉണ്ടാവില്ല. രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രമായ എംഇഎസ് ഇന്ത്യന്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കണം. പരീക്ഷയ്ക്ക് ശേഷം രക്ഷിതാക്കള്‍ തന്നെ കുട്ടികളെ തിരികെ കൊണ്ടു പോവണമെന്നും ബിപിഎസ് അറിയിച്ചു.
കുട്ടികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളില്‍ അവരവരുടെ കുട്ടികളെ എത്തിക്കുന്നതായിരിക്കും ഉചിതമെന്നും സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു.
അതേ സമയം, കെജി മുതല്‍ എട്ടാംതരം വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. രേഖകള്‍ക്ക് വേണ്ടി കുട്ടികളുടെ മുന്‍ ടേമുകളിലെ ശരാശരി മാര്‍ക്ക് പരിഗണിക്കുമെന്നും അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമ്പതാം തരത്തിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ ടേമിലെ പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കും. എന്നാല്‍, പാസ് മാര്‍ക്ക് ലഭിക്കാത്ത ഒമ്പതാം തരം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പരീക്ഷ എഴുതണം.
സ്‌കൂള്‍ പൂട്ടിയിടുന്ന സമയത്ത് ആറം തരം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വെര്‍ച്വല്‍ ക്ലാസ്മുറികള്‍ തുടങ്ങാനുള്ള ഒരുക്കങ്ങളും ബിര്‍ള പബ്ലിക് സ്‌കൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍നിശ്ചയപ്രകാരം പരീക്ഷ നടക്കുമെന്ന് ഡിപിഎസ്-എംഐഎസ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മാര്‍ച്ച് 11ന് നടക്കേണ്ട അഞ്ച് മുതല്‍ എട്ടാംതരം വരെ ക്ലാസുകളിലെ പരീക്ഷ ഇനിയൊറിയിപ്പ് വരെ റദ്ദാക്കിയതായും വെബ്‌സൈറ്റില്‍ പറയുന്നു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും കൊറോണസ് വൈറസ് കാരണം ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടും. സ്‌കൂള്‍ അടിസ്ഥാനത്തില്‍ നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതിയ തിയ്യതി അതത് സമയത്ത് അറിയിക്കുമെന്നും ഐഡില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസ്താവിച്ചു.
സിബിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം സ്‌കൂള്‍ ഒരുക്കും.
സിബിഎസ്ഇ പരീക്ഷയില്‍ മാറ്റമുണ്ടാവില്ലെന്ന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളും ഭവന്‍സ് പബ്ലിക് സ്‌കൂളും അറിയിച്ചു.