ഓണ്‍ലൈന്‍ ക്ലാസുകളുമായി ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ 5ന് തുടങ്ങും

SCHOOL ONLINE CLASS

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഏപ്രില്‍ 5ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്നതിന് ഭൂരിഭാഗം ഇന്ത്യന്‍ സ്‌കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ അധ്യയന വര്‍ഷം ഏപ്രിലില്‍ ആണ് തുടങ്ങുന്നതെങ്കില്‍ ഭൂരിഭാഗം മറ്റു സക്‌ളുകളും സപ്തംബറിലാണ് തുടങ്ങുന്നത്.

നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ രീതി പരീക്ഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഡിപിഎസ് ഇന്ത്യന്‍ മോഡേണ്‍ സ്‌കൂള്‍ പ്രസ്താവനയില്‍ അറിയിച്ചു. റിമോട്ട് ലേണിങ് പരീക്ഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 5ന് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കും. അധ്യാപകര്‍ ഓണ്‍ലൈനില്‍ കുട്ടികളുമായി സംവദിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ് ടീംസ്, പിയേഴ്‌സണ്‍ ആക്ടീവ് ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് പഠനം. കുട്ടികളുമായി നേരിട്ട് സംവദിക്കുന്നതിന് സൂം ആപ്പും ഉപയോഗിക്കും.

ആഴ്ച്ചയില്‍ അഞ്ച് ദിവസം രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് 1.45വരെയായിരിക്കും ക്ലാസുകള്‍. വിവിധ ക്ലാസുകളുടെ ടൈം ടേബിളും വിശദമായ നിര്‍ദേശങ്ങളും സ്‌കൂള്‍ വെബ്‌സൈറ്റില്‍ (http://www.dpsmisdoha.com/DPSDoha/) ലഭ്യമാണ്.

അഞ്ചാം ക്ലാസ് മുതല്‍ മുകളിലോട്ട് ഏപ്രില്‍ 5ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ബിര്‍ള പബ്ലിക് സ്‌കുള്‍ അറിയിച്ചു. അഞ്ചാം ക്ലാസ് വരെ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും സ്‌കൂളിന്റെ പ്രസ്താവനയില്‍ പറയുന്നു. ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലും ഏപ്രില്‍ മാസം തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

Indian schools in Qatar to begin new academic year with online classes from April 5