ലോക്ക്ഡൗണ്‍ ചെയ്ത ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ തുറന്നു തുടങ്ങി

qatar industrial area opening

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ ചെയ്ത ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറന്നുതുടങ്ങി. സ്ട്രീറ്റ് 1, 2, വക്കാല സ്ട്രീറ്റ് എന്നിവ ഇന്നലെ തുറന്നു.

35 ദിവസം അടച്ചിട്ട ശേഷമാണ് പ്രദേശത്തേക്കുള്ള റോഡുകള്‍ ഇന്നലെ രാവിലെ തുറന്നത്. ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 32 വരെ കഴിഞ്ഞ മാസമാണ് രണ്ടാഴ്ച്ചത്തേക്ക് അടച്ചത്. പിന്നീട് അത് നീട്ടുകയായിരുന്നു.

ബുധനാഴ്ച്ച തുറന്ന മൂന്ന് സ്ട്രീറ്റുകളിലേക്കുമുള്ള സുരക്ഷാ വേലികള്‍ എടുത്തുമാറ്റി. കമ്പനികളും ഷോപ്പുകളും തുറന്നുതുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ചെയ്‌തെങ്കിലും പ്രദേശത്തുള്ളവരുടെ ആരോഗ്യ, സുരക്ഷാ, ഭക്ഷണ കാര്യങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ജീവകാരുണ്യ സംഘടനകള്‍ എന്നിവ സംയുക്തമായി പ്രദേശത്തുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ രംഗത്തുണ്ടായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കൊറോണ പരിശോധനയും ക്വാരന്റൈനും കാര്യക്ഷമമാക്കുന്നതിന് മൂന്ന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് മണി എക്‌സ്‌ചേഞ്ച് സംവിധാനവും ഒരുക്കിയിരുന്നു.

ഇന്നലെ തുറന്ന സ്ട്രീറ്റുകളിലെ ജനങ്ങള്‍ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അധികൃതര്‍ ചെയ്തുതന്നിരുന്നുവെന്ന് പ്രദേശത്തുകാര്‍ സാക്ഷ്യപ്പെടുത്തിയതായി അല്‍ ശര്‍ഖ് റിപോര്‍ട്ട് ചെയ്തു.

Industrial Area opening starts with three streets