ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ദോഹ കോര്‍ണിഷില്‍ നടന്ന സൈനിക പരേഡ് ഏത് വെല്ലുവിളികളെയും നേരിടാനുള്ള കരുത്തിന്റെ പ്രതീകമായി. കരസേനയുടെ വാഹനങ്ങള്‍ ഒഴിവാക്കിയുള്ള പരേഡില്‍ കാലാള്‍പ്പടയുടെ പ്രകടനം ഗംഭീരമായി. പരേഡില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു.
അമീറിന്റെ സ്വകാര്യ പ്രതിനിധി ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി, പധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി തുടങ്ങി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.
ദേശീയ ഗാനാലാപനത്തിനും 18 പീരങ്കി വെടികള്‍ക്കും ശേഷം, ഗതാഗത, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ഷിപ്പുകള്‍, സ്പീഡ് ബോട്ടുകള്‍, കപ്പലുകള്‍, യുദ്ധബോട്ടുകള്‍ എന്നിവയുള്‍പ്പെടെ ഒരു കൂട്ടം ആധുനിക നാവിക കപ്പലുകളുടെ പ്രദര്‍ശനത്തോടെയാണ് ദേശീയ പരേഡ് ആരംഭിച്ചത്.
തുടര്‍ന്ന് എഫ്-15 വിമാനങ്ങളായി ‘അബാബില്‍’, റഫേല്‍ ‘അല്‍ അദിയാത്’ എന്നിവയുടെ എയര്‍ ഷോ നടന്നു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ചരക്ക് വിമാനങ്ങള്‍, ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ എന്നിവയ്ക്ക് പുറമെ അപ്പാച്ചെ ‘സജീല്‍’ ഹെലികോപ്ടറിന്റെ നേതൃത്വത്തിലുള്ള പ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
തുടര്‍ന്ന് കാലാള്‍പ്പടയുടെ പ്രകടനമായിരുന്നു. ലെപ്പേര്‍ഡ് ടാങ്കുകള്‍, അടിയന്തര വ്യോമപ്രതിരോധ കവചിത വാഹനങ്ങള്‍ എന്നിവ അണിനിരുന്നു. കരസേന, വ്യോമസേന, നാവികസേന, വ്യോമ പ്രതിരോധം, മിലിട്ടറി പോലീസ്, അതിര്‍ത്തി സേന, വിവിധ സൈനികര്‍ എന്നിവരും അണിനിരുന്നു.
വിവിധ സൈനിക കോളേജുകള്‍, ജോയിന്റ് സ്പെഷ്യല്‍ ഫോഴ്സ്, അമീരി ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയത്തിന്റെ കാലാള്‍പ്പട, എസ്റ്റാബ്ലിഷ്മെന്റ് ആന്റ് അതോറിറ്റി സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഫോഴ്സ്, അല്‍ ഫസാ സേനകള്‍, തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ പരേഡില്‍ അണി നിരന്നു. തുടര്‍ന്നാണ് കുതിരപ്പടയാളികള്‍, ഒട്ടക കുതിരപ്പട എന്നിവയുടെ അകമ്പടിയോടെ ലെഖ്വിയ അണി നിരന്നത്. പാരാട്രൂപ്പര്‍മാരുടെയും വ്യോമസേനായുടെയും പ്രദര്‍ശനത്തോടെ മാര്‍ച്ച് സമാപിച്ചു.