Tuesday, August 16, 2022
HomeNewsfeedഖത്തറിലെ പ്രവാസി സമൂഹം ശേഖരിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയില്‍

ഖത്തറിലെ പ്രവാസി സമൂഹം ശേഖരിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയില്‍

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം സംഭാവന ചെയ്ത 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ്-കൊല്‍ക്കത്തയില്‍ ഡല്‍ഹിയിലെത്തിക്കും. കോവിഡിനെതിരേ പൊരുതുന്ന ഇന്ത്യക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നതിന് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ചത്.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ കൂടെനിന്നതിന് ഖത്തറിലെ പ്രവാസി സമൂഹത്തിനും ഐസിബിഎഫിനും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് ഏഴ് കപ്പലുകളാണ് ഇന്ത്യന്‍ നാവികസേന വിന്യസിച്ചിട്ടുള്ളത്.

കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിബിഎഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഖത്തറില്‍ നിന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച ശേഷം കപ്പല്‍ കുവൈത്ത് തുറമുഖത്തേക്ക് നീങ്ങും. ഇവിടെ നിന്ന് ലിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍ സ്വീകരിക്കും.

രാജ്യത്തെ ഓക്‌സിജന്‍ ആവശ്യം പരിഹരിക്കുന്നതിന് ഓപറേഷന്‍ സമുദ്ര സേതു-2 എന്ന പേരില്‍ ദൗത്യത്തിന് തുടക്കമിട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പദ്ധതി പ്രകാരം ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, തബാര്‍, ത്രികന്ദ്, ജലാശ്വ, ഐരാവത് എന്നീ കപ്പലുകളാണ് വിവിധ തുറമുഖങ്ങളിലെത്തുക.

ഐഎന്‍എസ് കൊല്‍ക്കത്തയും ഐഎന്‍എസ് തല്‍വാറുമാണ് ഇതില്‍ ആദ്യത്തെ കപ്പലുകള്‍. ഈ കപ്പലുകള്‍ ഏപ്രില്‍ 30ന് ബഹ്‌റൈനിലെ മനാമ തുറമുഖത്ത് എത്തിയിരുന്നു. 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഐഎന്‍സ് തല്‍വാര്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
INS Kolkata load up oxygen cylinders in Doha as expats come together to help Covid-hit India
ALSO WATCH

Most Popular